2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘സന്തോഷം…ഇതെന്റെ മോന്റെ രണ്ടാം ജന്മം, എല്ലാവര്‍ക്കും നന്ദി’ പറയാന്‍ വാക്കുകള്‍ കിട്ടാതെ താഹയുടെ ഉമ്മ; പാര്‍ട്ടി ഒരിക്കലും കൂടെ നിന്നില്ലെന്നും ജമീല

കോഴിക്കോട്: എന്താണ് പറയേണ്ടതെന്നറിയാതെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇടറുകയായിരുന്നു അവര്‍. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ തടവിലായ താഹ ഫസലിന്റെ ഉമ്മ ജമീല. മകന് ജാമ്യം ലഭിച്ചതില്‍ ഒത്തി സന്തോഷമുണ്ടെന്ന് പറഞ്ഞ അവര്‍ സന്തോഷം കൊണ്ട തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

വിധിയില്‍ സന്തോഷം. മകന്റെ രണ്ടാം ജന്മമാണിത്. കൂടെ നിന്നവരോടെല്ലാം നന്ദിയുണ്ട്. മാധ്യമങ്ങള്‍ ഒരുപാട് കൂടെ നിന്നു- അവര്‍ പറഞ്ഞു. നാട്ടുകാരുടെ പിന്തുണ എന്നുമുണ്ട്. എന്നാല്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

ജാമ്യം കിട്ടുമെന്ന് പറഞ്ഞ ശേഷമാണ് രോഗശയ്യയില്‍ നിന്ന താഹയുടെ ഉപ്പ എഴുന്നേറ്റത്- അവര്‍ പറഞ്ഞു. മകന്‍ വന്നാല്‍ അവന്റെ മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കുമെന്ന് അവര്‍ പറഞ്ഞു.

അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. ആഗസ്റ്റ് 31 ആയിരുന്നു അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പഠിക്കാന്‍ സൗകര്യമൊരുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ജയിലില്‍ പഠിക്കാന്‍ സൗകര്യം കിട്ടിയിട്ടില്ലെന്നാണ് താഹ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മ ജമീല. ജാമ്യം കിട്ടിയത് അലനാണ് വിളിച്ചു പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ഹരജി കോടതി തള്ളുകയും ചെയ്തു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് താഹഫസലിനെ മാത്രം വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു.

ഇരുവരും സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ആണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി എന്നുമാണ് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.