തിരുവനന്തപുരം: മുഖ്യമന്ത്രിയെ വെട്ടിലാക്കി എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയില്‍ നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകളാണ് പുറത്ത് വന്നത്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റില്‍ ശിവശങ്കര്‍ പറയുന്നു. നിയമനത്തിന് നോര്‍ക്ക സിഇഒ അടക്കമുള്ളവര്‍ സമ്മതിച്ചെന്നും ചാറ്റില്‍ വ്യക്തമാക്കുന്നു.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങള്‍. നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അംഗീകരിച്ചെന്നും ശിവശങ്കര്‍ ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കര്‍ ഉറപ്പ് നല്‍കുന്നു. കോണ്‍സുലേറ്റിലെ സ്വപ്നയുടെ രാജിയറിഞ്ഞ് സിഎം രവീന്ദ്രന്‍ ഞെട്ടിയെന്ന് എം ശിവശങ്കര്‍ വാട്‌സ് ആപ്പ് ചാറ്റില്‍ പറയുന്നു.
ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിര്‍പ്പ് കാരണമാണെന്നും ചാറ്റിലുണ്ട്. പുതിയ ജോലിയും യൂസഫലി എതിര്‍ക്കുമോയെന്ന സ്വപ്നയുടെ ആശങ്കയും മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ലെന്ന ശിവശങ്കറിന്റെ മറുപടിയും അടങ്ങുന്ന വാട്‌സ്ആപ് ചാറ്റുകള്‍ ചാനലുകള്‍ക്ക് ലഭിച്ചു.
കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്നതിന് തൊട്ടുമുന്‍പ് സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടതും ചാറ്റില്‍ വ്യക്തമാണ്. എന്നാല്‍ സ്വപ്‌ന സുരേഷിനെ കണ്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി നുണ പറയുകയാണെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
Comments are closed for this post.