കോഴിക്കോട്: ശക്തമായ മഴയില്‍ സംസ്ഥാനത്ത് വിവിധ മേഖലകളില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലും കണ്ണൂരുമാണ് ശക്തമായ മഴയെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നാദാപുരം, കുറ്റ്യാടി, മുക്കം പ്രദേശങ്ങളിലാണ് മഴ തുടരുന്നത്. നാദാപുരം ചെറുമോതിലും, വെള്ളൂരും മരം വീണ് വിടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചിയ്യൂരില്‍ ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ മരംവീണ് വൈദ്യുതി തടസ്സപ്പെട്ടു. ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ മരംവീണ് നാദാപുരം ടൗണില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കുറ്റ്യാടിയിലും മഴക്കെടുതി തുടരുകയാണ്. കുറ്റ്യാടിയില്‍ സ്വകാര്യ വ്യക്തിയുടെ വീടിന് മുന്നിലെ കിണര്‍ വെള്ളം കയറി ഇടിഞ്ഞ് താഴ്ന്നു. കുറ്റ്യാടി ചുരം റോഡില്‍ വെള്ളക്കെട്ട് തുടരുകയാണ്. കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നിര്‍മാണത്തിലിരുന്ന വീട് മഴയെ തുടര്‍ന്ന് തകര്‍ന്ന് വീണു. ഒരാഴ്ച്ച മുമ്പായിരുന്നു വീടിന്റെ രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായത്. കണ്ണൂരടക്കമുള്ള പ്രദേശങ്ങളില്‍ രാത്രിയിലാണ് മഴ ശക്തമാവുന്നത്.
അതേസമയം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ശക്തമായ കാറ്റും കടലാക്രമണവും ഉണ്ടാവാന്‍ സാധ്യതയുള്ളത് കൊണ്ട് തന്നെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments are closed for this post.