2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ദ കേരളാ സ്റ്റോറി’കഥയും കണക്കും ആരുടേത്?

റജിമോൻ കുട്ടപ്പൻ

kerala story and religious conversion

തൊണ്ണൂറുകൾ തൊട്ടേ ഇന്ത്യൻ ചലച്ചിത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നത് പാകിസ്താൻ നമ്മുടെ ശത്രുവാണെന്നും മുസ്‌ലിംകൾ വില്ലന്മാരാണെന്നുമാണ്. അതിനി പേർഷ്യൻ അധിനിവേശത്തെ സംബന്ധിക്കുന്ന സാങ്കൽപിക കഥയാണെങ്കിലും സ്വാതന്ത്ര്യത്തിനു മുമ്പുള്ള യഥാർഥ ജീവിതകഥയാണെങ്കിലും വില്ലന്മാർ പച്ചക്കൊടിയേന്തുന്ന മുസ്‌ലിംകളായിരിക്കും. തവിട്ട് കണ്ണുകളും ഇരുണ്ട മുടിയും കട്ടത്താടിയുമുള്ള പൊക്കം കൂടിയ അഫ്ഗാനികളെ അല്ലെങ്കിൽ പാകിസ്താനികളായ വില്ലന്മാരെ കൊല്ലലാണ് ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ സിനിമകളിലെ നായകന്മാരുടെ പ്രധാന ജോലി. എന്നാൽ, സുദീപ്‌തോ സെന്നിന്റെ ‘ദ കേരളാ സ്റ്റോറി’ ഉയർത്തുന്ന വെല്ലുവിളികൾ ഇതു മാത്രമല്ല, ജനരോഷം ഉയർത്തുന്നതോടൊപ്പം കേരളത്തിന്റെ സാമൂഹികഘടനയെ കളങ്കപ്പെടുത്തുകയുമാണ് ഈ ചലച്ചിത്രം.


സുദീപ്‌തോ സെൻ എഴുതി സംവിധാനം ചെയ്ത ‘ദ കേരളാ സ്റ്റോറി’ അവകാശപ്പെടുന്നത് കേരളത്തിൽനിന്ന് 32,000 സ്ത്രീകൾ തീവ്രവാദ സംഘടനായ ഐ.എസിൽ ചേരുന്നതിനായി മതം മാറിയിട്ടുണ്ടെന്നാണ്(പിന്നീട് എണ്ണം തിരുത്തിയിരുന്നു). രണ്ട് മിനിറ്റ് നാൽപ്പത്തിയഞ്ച് സെക്കന്റുള്ള ട്രെയിലറിൽ ശാലനി ഉണ്ണികൃഷ്ണൻ എന്ന ഹിന്ദു യുവതി തീവ്രവാദ സംഘടനയായ ഐ.എസിൽ എത്തിപ്പെടുന്നതിനെ കുറിച്ചാണുള്ളത്. ആദ ശർമ്മ അവതരിപ്പിക്കുന്ന ശാലനി എന്ന കഥാപാത്രത്തെയും മറ്റു ഹിന്ദു യുവതികളെയും ഒരു മുസ്‌ലിം യുവതി ഇസ് ലാം മതം സ്വീകരിക്കാൻപ്രേരിപ്പിക്കുന്നതായാണ് ട്രെയിലറിൽ കാണിക്കുന്നത്. ഇസ്‌ലാമിനെയും അതിലെ വിശ്വാസത്തെയും റാഡിക്കലായി അവതരിപ്പിക്കുന്ന മാഫിയയെക്കുറിച്ചും ഹിജാബുമെല്ലാം ഈ സിനിമയിൽ കടന്നുവരുന്നുണ്ട്. 2022 മെയിൽ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സുദീപ്‌തോ സെൻ പറയുന്നതിങ്ങനെ; ‘2009 തൊട്ട് കേരളത്തിൽ നിന്നും മംഗളൂരുവിൽ നിന്നുമായി 32,000 ഹിന്ദു, ക്രിസ്ത്യൻ യുവതികൾ ഇസ്‌ലാം സ്വീകരിച്ചതായും അതിൽ ഭൂരിഭാഗം പേരും സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങി ഐ.എസ്, ഹഖാനി സ്വാധീനുള്ള പ്രദേശങ്ങളിൽ എത്തിപ്പെടുന്നതായും ഈയടുത്തു നടത്തിയ അന്വേഷണത്തിൽനിന്ന് മനസ്സിലാക്കാനായിട്ടുണ്ട്. ഈ വസ്തുതകൾ അംഗീകരിച്ച് ഇത്തരം ആഗോള ഗൂഢ അജൻഡകൾക്കെതിരേ കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം സർക്കാർ മൗനം പാലിക്കുകയാണ്’.
കഴിഞ്ഞ വർഷം ഒാഗസ്റ്റിൽ ചിട്ടി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സുദീപ്‌തോ സെൻ പറയുന്നത്, 32,000 എന്ന സംഖ്യയിൽ എത്തിയത് 2010ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണെന്നാണ്.

‘ഉമ്മൻചാണ്ടി സഭയിൽ പറഞ്ഞത് എല്ലാ വർഷവും 2800 മുതൽ 3200 പെൺകുട്ടികൾ ഇസ്‌ലാം സ്വീകരിക്കുന്നുണ്ടെന്നാണ്. അതേത്തുടർന്നുള്ള പത്ത് വർഷങ്ങളിലപ്പോൾ ഈ കണക്ക് തുടരുകയാണെങ്കിൽ 32,000 പേർ ഇസ്‌ലാം സ്വീകരിക്കുന്നുവെന്ന കണക്കിലെത്തിച്ചേരാനാവും’ എന്നും സെൻ പറയുന്നു. അതേസമയം വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആൾട്‌ ന്യൂസിനോട് സംസാരിക്കവേ സെൻ പറഞ്ഞത് 32,000 എന്ന സംഖ്യയിലേക്ക് താൻ എത്തിച്ചേർന്നതല്ലെന്നും ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്തയാണ് ആ കണക്കിനടിസ്ഥാനം എന്നുമാണ്. കൂടാതെ, ഈ കണക്ക് താൻ കണ്ടുപിടിച്ചതല്ലെന്നും ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞതാണെന്നും അതിനുള്ള എല്ലാ രേഖകളുമുണ്ടെന്നും സെൻ ആവർത്തിക്കുന്നുണ്ട്. കൂടാതെ, കേരളം ഒരു ഇസ്‌ലാമിക രാഷ്ട്രമാകുമെന്നു വി.എസ് അച്യുതാനന്ദൻ പറഞ്ഞതായും സെൻ കൂട്ടിച്ചേർത്തു. എന്നാൽ, കേരളത്തിൽനിന്ന് 32,000 സ്ത്രീകൾ ഐ.എസിൽ ചേർന്നതായി പറയുന്ന തരത്തിലുള്ള വാർത്തകൾ ഒരു മാധ്യമസ്ഥാപനവും പ്രസിദ്ധീകരിച്ചതായി കണ്ടെത്താൻ സാധിച്ചില്ലെന്നും ആൾട്‌ ന്യൂസ് വ്യക്തമാക്കി. ഇത്തരമൊരു പ്രസ്താവന ഒരു സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ അത് തീർച്ചയായും വാർത്തകളിൽ നിറയേണ്ടതാണ്. എന്നാൽ അത്തരമൊന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.


2012ലെ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്ത വാർത്ത ഇങ്ങനെയാണ്; ‘2006 മുതൽ കേരളാ സംസ്ഥാനത്തിൽ 2,667 യുവതികൾ ഇസ്‌ലാം മതം സ്വീകരിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ വ്യക്തമാക്കി(അഥവാ, 2006 മുതൽ 2012 വരെയുള്ള കണക്കാണിത്)’. എന്നാൽ ഈ റിപ്പോർട്ടിലെവിടെയും മതം മാറിയവർ ഐ.എസിൽ ചേർന്നുവെന്നോ അല്ലെങ്കിൽ തീവ്രവാദ സംബന്ധിയായ ഒരു പരാമർശവുമില്ല. അതേസമയം, ഈ മതം മാറ്റങ്ങളൊന്നും തന്നെ നിർബന്ധ മതപരിവർത്തനങ്ങളല്ലെന്നും അതിനാൽ സംസ്ഥാനത്തിൽ ലൗ ജിഹാദ് സംഭവിക്കുന്നുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കുന്നതായി വാർത്തയിലുണ്ട്. ഇതേ വാർത്ത ഇന്ത്യൻ എക്‌സ്പ്രസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, സുദീപ്‌തോ സെൻ ഉന്നയിക്കുന്ന തരത്തിലുള്ള വാർഷിക മതപരിവർത്തന കണക്കിനെ സംബന്ധിച്ചുള്ള വിവരങ്ങളോ വാർത്തകളോ ലഭ്യമല്ല. അതിനാൽ തന്നെ തന്റെ വാദത്തെ വിശ്വാസയോഗ്യമാക്കുന്നതിനായി സുദീപ്‌തോ സെൻ ഉമ്മൻചാണ്ടിയുടേയും വി.എസ്. അച്യുതാനന്ദന്റേയും പ്രസ്താവനകളെ വളച്ചൊടിക്കുകയായിരുന്നു എന്നത് വ്യക്തമാവുകയാണ്.


2018ൽ 52 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി സുദീപ്‌തോ സെൻ നിർമിച്ചിരുന്നു. ഇന്റർനെറ്റ് മൂവീ ഡാറ്റാബേസിൽ ഇതിന്റെ അടിക്കുറിപ്പിങ്ങനെ; ‘2009 മുതൽ കേരളത്തിൽനിന്ന് പതിനേഴായിരം പേരും മംഗളൂരുവിൽ നിന്ന് പതിനയ്യായിരത്തോളം പേരും(ഹിന്ദു, ക്രിസ്ത്യൻ യുവതികൾ ) ഇസ്‌ലാം മതം സ്വീകരിക്കുകയും അതിൽ ഭൂരിഭാഗം പേരും സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങി താലിബാൻ, ഐ.എസ് സ്വാധീനമുള്ള പ്രദേശങ്ങളിലേക്ക് കടക്കുന്നതായി വിവരങ്ങളുണ്ട്’. അത്ഭുതകരമെന്നു പറയട്ടെ, 17000+ 15000=32000 എന്നൊരു കണക്ക് ഇവിടെയുമുണ്ട്.


കേരളത്തിൽ നിന്നുള്ള ചില കഥകളുമായി സെന്നിന്റെ സിനിമയിലെ കഥക്ക് സാമ്യമുണ്ടെന്നത് വാസ്തവം തന്നെയാണ്. എന്നാൽ ഇവർക്ക് എവിടെ നിന്നാണ് ഈ 32,000 കണക്ക് കിട്ടിയതെന്നതിലാണ് പ്രധാന ആശങ്ക. 2017ൽ തന്റെ സുഹൃത്തുക്കളുടെ പ്രേരണയാൽ ആതിര എന്ന ഇരുപത്തിമൂന്നുകാരി ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. എന്നാൽ, എറണാകുളത്തെ ആർഷ വിദ്യാസമാജത്തിന്റെ പ്രേരണയിൽ അവർ ഹിന്ദുമതത്തിലേക്കുതന്നെ തിരിച്ചുവന്നു. 2016ൽ കേരളത്തിൽനിന്ന് ഇരുപത്തൊന്നു പേരടങ്ങുന്ന സംഘം ഐ.എസിൽ ചേർന്നതായി വാർത്തകളുണ്ടായിരുന്നു. ഗർഭിണി യുവതിയും ബിസിനസുകാരനും തുടങ്ങി വിദ്യാസമ്പന്നരും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവരാണ് ആ സംഘത്തിലുണ്ടായിരുന്നത്. ആ സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരുന്നു. 2017ലെ പി.ടി.ഐ റിപ്പോർട്ട് പ്രകാരം, അക്കാലയളവിനിടക്ക് കേരളത്തിൽനിന്ന് നൂറോളം പേരാണ് ഐ.എസിൽ ചേർന്നത്. മുന്നൂറോളം വരുന്ന വാട്‌സാപ്പ്, ടെലഗ്രാം ശബ്ദസന്ദേശങ്ങളിൽ നിന്നും മറ്റു സന്ദേശങ്ങളിൽ നിന്നുമാണ് കേരളാ പൊലിസ് ഇത്തരമൊരു നിഗമനത്തിലെത്തി ചേർന്നത് എന്നും പി.ടി.ഐ വ്യക്തമാക്കി.


അമേരിക്കൻ സർക്കാരിന്റെ തീവ്രവാദ സംബന്ധിയായ കണക്കുകൾ പ്രകാരം, 2020 നവംബർ വരെ ഇന്ത്യൻ പശ്ചാത്തലമുള്ള ഐ.എസ് പോരാളികളുടെ എണ്ണം അറുപത്തിയാറാണ്. ഈ വാർത്ത രാജ്യത്തെ പ്രമുഖ വാർത്താസ്ഥാപനങ്ങൾ വമ്പിച്ച പ്രാധാന്യത്തോടെ നൽകിയിരുന്നു. ഇതേ റിപ്പോർട്ടിൽ തന്നെ, എൻ.ഐ.എ രാജ്യത്തെ ഐ.എസ് ബന്ധമുള്ളതായി സംശയിക്കുന്ന മുപ്പത്തിനാലു കേസുകൾ അന്വേഷിച്ചതായും 160 പേരെ അറസ്റ്റ് ചെയ്തതായും വ്യക്തമാക്കുന്നുണ്ട്. 2021 ജൂണിലെ ദ ഹിന്ദുവിൽ, നാല് ഇന്ത്യൻ സ്ത്രീകൾ അഫ്ഗാൻ ജയിലിലുള്ളതായി വാർത്തയുണ്ട്. ഖുറാസാൻ പ്രവിശ്യയിലെ ഐ.എസിൽ ചേരുന്നതിനായി ഭർത്താക്കന്മാർക്കൊപ്പം തിരിച്ച ഇവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സാധ്യമല്ലെന്നും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ദ വീക്ക് നൽകിയ വാർത്തയിൽ പറയുന്നത്, ഈ നാല് സ്ത്രീകൾ, സോണിയ സെബാസ്റ്റിൻ എന്ന ആയിശ, റാഫേല, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസ എന്നിവരാണെന്നാണ്. ഇവർ 2016നും 2018നുമിടക്കാണ് അഫ്ഗാനിസ്ഥാനിലേക്ക് യാത്രചെയ്തതെന്നും വീക്ക് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, കേരളാ സ്റ്റോറി എന്ന ചലച്ചിത്രം കശ്മിർ ഫയൽസിനു സമാനമായ കഥയും അജൻഡയുമാണ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. വിമർശനങ്ങളാണെങ്കിൽ പോലും സിനിമക്ക് ലോകശ്രദ്ധ നൽകി എന്നതിൽ സംശയിക്കാനൊന്നുമില്ല. ചലച്ചിത്രം വിജയമാണോ അല്ലയോ എന്നത് കാത്തിരുന്നു കാണുകയും വേണം.


2023 മെയ് അഞ്ചിനു റിലീസ് ചെയ്യാൻ തീരുമാനിച്ച സിനിമയുടെ പ്രദർശനം നിരോധിക്കണമെന്നാണ് കോൺഗ്രസ് പാർട്ടിയുടെ ആവശ്യം. സിനിമയിൽ തെറ്റായ ആരോപണങ്ങളാണെന്നും മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്നതാണെന്നുമാണ് കോൺഗ്രസ് വാദം. ഈ ചലച്ചിത്രം സംഘ്പരിവാർ പ്രചാരണമാണ് എന്നാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം. കേരളത്തെ മത തീവ്രവാദ കേന്ദ്രമാക്കി ചിത്രീകരിക്കാനുള്ള സംഘ്പരിവാർ അജൻഡയുടെ ഭാഗമാണ് ഈ ചലച്ചിത്രമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, തിരുവനന്തപുരം എം.പി ശശി തരൂർ ട്വിറ്ററിൽ കുറിച്ചതിങ്ങനെ:’ ഒരുപക്ഷേ ഇതു നിങ്ങളുടെ കേരളാ സ്റ്റോറിയാവാം, എന്നാൽ ഞങ്ങളുടെ കേരളാ സ്റ്റോറി ഇങ്ങനെയല്ല’ എന്നാണ്. കൂടാതെ, ‘ഈ സിനിമ നിരോധിക്കണമെന്ന് താൻ ആവശ്യപ്പെടില്ല. കാരണം, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഒരു കൂട്ടർ ദുരുപയോഗപ്പെടുത്തുന്നുവെന്നു കരുതി ആ സ്വാതന്ത്ര്യത്തിന്റെ മൂല്യം ഇല്ലാതാകുന്നില്ല. എന്നാൽ, കേരളത്തിന്റെ യാഥാർഥ്യത്തെ തെറ്റായി ചിത്രീകരിച്ചു എന്ന് ഉറക്കെ വ്യക്തമായി പറയാനുള്ള എല്ലാ അവകാശവും കേരളീയർക്കുണ്ടെന്നും’ തരൂർ വ്യക്തമാക്കി.

kerala story and religious conversion


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.