കോഴിക്കോട്: 61ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു കോഴിക്കോട്ട് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
രണ്ടു വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്കു ശേഷം കുട്ടികള്‍ വേദിയിലെത്തുകയാണ്. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തി.
മാറുന്ന കാലത്തിലേക്കു പിടിച്ച കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തില്‍ വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് വലിയ അംഗീകാരമെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പുതുതലമുറയ്ക്ക് കഴിയണം. ആരുടെ കുട്ടി ജയിച്ചാലും സന്തോഷിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങള്‍ പങ്കുവെക്കാനും രസിക്കാനും രസിപ്പിക്കാനുമുള്ള വേദിയാണ് കലോത്സവം. സ്‌കൂള്‍ കലോത്സവം രാഷ്ട്രീയ സാമൂഹിക സാഹിത്യ മേഖലയിലുണ്ടായ മാറ്റം പ്രതിഫലിപ്പിക്കുന്നതാണ്. സാമൂഹിക വിമര്‍ശനത്തിന്റെയും നവീകരണത്തിന്റെയും ചാലു കീറുന്നതാണ് ആദ്യ ഘട്ടങ്ങളില്‍ ഇല്ലാതിരുന്ന പല കലാരൂപങ്ങളും പിന്നീട് ഉണ്ടായി. പല കലാരൂപങ്ങളും നവീകരിക്കപ്പെട്ടു. മതനിരപേക്ഷതയുടെ വേദിയായി കലോത്സവങ്ങള്‍ നിലനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
24 വേദികളില്‍ 239 ഇനങ്ങളിലായി 14,000 കുട്ടികളാണു പങ്കെടുക്കുന്നത്. കലോത്സവത്തിലും കായികമേളയിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു തെളിയിക്കുന്ന കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്കു നല്‍കുന്നതിനുള്ള പുതിയ മാനദണ്ഡം അടുത്തവര്‍ഷം മുതലെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഇത്തവണ കൊവിഡിനു മുന്‍പുള്ള മാതൃകയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കാനാണു തീരുമാനം.
Comments are closed for this post.