2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് മൗലവി ഇനി ഓര്‍മ്മ

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് മൗലവി വഫാതായി.
ഗ്രന്ഥകാരനും നുസ്‌റത്തുല്‍ അനാം മാസിക ചീഫ് എഡിറ്ററും വണ്ടൂര്‍ ജാമിഅ: വഹബിയ്യയുടെ ചാന്‍സിലറുമാണ്. 1931 ല്‍ സെപ്തംബര്‍ 21 ന് നടുവത്ത് കളത്തില്‍ സൈതാലിയുടെയും ആയിശുമ്മയുടെയും മകനായി ജനനം. മഞ്ചേരി മുഫീദുല്‍ ഉലൂം ദര്‍സില്‍ മര്‍ഹൂം ഓവുങ്ങല്‍ അബ്ദു റഹിമാന്‍ മുസ്ലിയാരില്‍ നിന്നും ദര്‍സ് പഠനം ആരംഭിച്ച അദ്ദേഹം വണ്ടൂര്‍ ജുമുഅത്ത് ‘പള്ളിയില്‍ കെ.കെ സ്വദഖതുല്ല മൗലവിയില്‍ നിന്നാണ് ദര്‍സു പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് 1960 ല്‍ ഒന്നാം ഗ്രേഡ് ആയി വിജയിച്ചു. ശൈഖ് ആദം ഹസ്‌റത്ത്, ഉത്തമ പാളയം അബൂബക്കര്‍ ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് എന്നിവരാണ് ബാഖിയാത്തിലെ ഗുരുവര്യന്മാര്‍.

1960 മുതല്‍ 1964 വരെ കണ്ണൂരിലെ ചപ്പാരപ്പടവില്‍ മുദരിസായിരുന്നു. 1964 മുതല്‍ 6 ദശാബ്ദങ്ങളായി പരപ്പനങ്ങാടി വലിയ ജുമുഅത്തു പള്ളിയില്‍ സ്വദ്ര്‍ മുദരിസാണ്. സമസ്തയില്‍ 1962 മുതല്‍ കേന്ദ്ര മുശാവറ അംഗമായിരുന്നു. 1967 മുതല്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ മുശാവറ മെമ്പറും ഫത് വാ സമിതി അധ്യക്ഷനുമാണ്. കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ നിര്യാണം മുതല്‍ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റാണ്. കര്‍മ്മശാസ്ത്ര പാഠങ്ങള്‍, ഹജ്ജ് – ഉംറ, വൈവാഹിക നിയമങ്ങള്‍,ശൈഖുല്‍ മശാഇഖ് ഔക്കോയ മുസ്ലിയാര്‍,സമ്പൂര്‍ണ്ണ കര്‍മ്മശാസ്ത്രം എന്നിവ രചനകളാണ്. പാലേം പടിയന്‍ കാപ്പാട്ട് മൈമൂന ഹജ്ജുമ്മ (ഇരുമ്പുഴി) യാണ് ഭാര്യ. അബ്ദുന്നാസിര്‍ വഹബി ,ഹുസൈന്‍ വഹബി, കുഞ്ഞുമൊയ്തീന്‍ വഹബി, റുഖയ്യ, ഖദീജ എന്നിവര്‍ മക്കളും പരേതനായ പുല്ലൂര്‍ അബ്ദുറഹീം ബാഖവി, മുഹമ്മദ് ബാഖവി (തിരുവനന്തപുരം) എന്നിവര്‍ ജാമാതാക്കളുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.