2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘മുഖ്യമന്ത്രിക്ക് പ്രതികാര ബുദ്ധി’;പി.സി ജോര്‍ജ് പറഞ്ഞതെല്ലാം വസ്തുതകളെന്നും മകന്‍ ഷോണ്‍ ജോര്‍ജ്ജ്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പി.സി ജോര്‍ജിനോട് പ്രതികാര ബുദ്ധിയെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. ഒരു മണിക്കൂറെങ്കിലും ജയിലിലിട്ടു എന്ന് ആരെയോ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. വസ്തുതകളാണ് പി സി പറഞ്ഞതെന്നും ഷോണ്‍ വ്യക്തമാക്കി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെ റിമാന്റ് ചെയ്തതിനു പിന്നാലെയാണ് ഷോണിന്റെ പ്രതികരണം.

14 ദിവസത്തേക്കാണ് പിസി ജോര്‍ജിനെ റിമാന്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് പിസി ജോര്‍ജിനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ എത്തിച്ചത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മെയ് ഒന്നിനാണ് പി സി ജോര്‍ജ്ജിന് കോടതി ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോര്‍ജ്ജ് വിദ്വേഷ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. ഇതില്‍ വിശദമായ വാദം കേട്ട കോടതി പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.

   

ജാമ്യത്തിലിരിക്കെ വെണ്ണലയില്‍ പിസി ജോര്‍ജ്ജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ പി സി ജോര്‍ജിന്റെ പ്രസംഗം പ്രകോപനപരമെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടര്‍ത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവില്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും മജിസ്‌ട്രേറ്റ് അനുമതി നല്‍കി. പിന്നാലെ വെണ്ണല കേസില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായ പിസി ജോര്‍ജ്ജിനെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.