
ഏറെ വിഷമിപ്പിച്ചതും അതിലേറെ ആശങ്ക ഉയര്‍ത്തിയതുമായിരുന്നു കാസര്‍കോട്ട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരണമടഞ്ഞ സംഭവം. പ്രത്യേകിച്ചും ഷവര്‍മ പ്രിയര്‍ നാടൊട്ടുക്കുമുണ്ടെന്നിരിക്കെ. ഇതോടെ ചെറിയൊരു ഇടവേളയ്ക്കു ശേഷം ഷവര്‍മയ്ക്ക് വീണ്ടും വില്ലന്‍ പരിവേഷം കൈവന്നിരിക്കുകയാണ്.
ഓട്ടോമന്‍ തുര്‍ക്കികളുടെ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ബുര്‍സയാണ് ഷവര്‍മയെന്ന ഡോണര്‍ കബാബിന്റെ ജന്മനാട്. 1860കളിലാണ് ഇത് പ്രചാരം നേടിയത്.
ഫാസ്റ്റ്ഫുഡ് സംസ്കാരം വ്യാപകമായ ഈ കാലത്ത് ഭക്ഷ്യവിഷബാധയും വ്യാപകമാണ്. നമ്മില്‍ പലരും ഏതെങ്കിലുമൊക്കെ വിധത്തില്‍ അനുഭവിച്ചിട്ടുമുണ്ടാവാം ഈ പ്രയാസം. വയറുവേദന, വയറിളക്കം, ഛര്‍ദില്‍, പനി എന്നിവയിലേതെങ്കിലുമാകാം ഇവയുടെ പ്രാഥമിക ലക്ഷണങ്ങള്‍. കേടായതോ പഴകിയതോ ആയ ഭക്ഷണം, മലിനജലം, പാചകം ചെയ്യുന്ന ആളിന്റെ ശുചിത്വക്കുറവ് എന്നിവയിലേതെങ്കിലും ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണം.
നന്നായി പാകം ചെയ്യാത്ത മാംസം
ഏതുഭക്ഷണമായാലും വൃത്തിയില്ലാതെ സൂക്ഷിക്കുന്നതും പാകംചെയ്യുന്നതും അപകടമാണ്. നേരിട്ട് തീയില്വേവിക്കാത്ത ഭക്ഷണമാണ് ഷവര്‍മ. അതുകൊണ്ട് നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
മാംസാഹാരം നന്നായി പാകം ചെയ്താല്‍, അതായത് മാംസത്തിന്റെ ഉള്‍ഭാഗം 75 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ എത്തുന്ന വിധത്തില്‍ പാകം ചെയ്താല്‍ അണുക്കള്‍ പൂര്‍ണമായും നശിക്കും. അതുപോലെ പാകം ചെയ്ത ഭക്ഷണം മിച്ചം വന്നാല്‍ അത് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഫ്രിഡ്ജില്‍ തണുപ്പിച്ചു സൂക്ഷിക്കണം. അല്ലാത്ത പക്ഷം ബാക്ടീരിയകള്‍ വളര്‍ന്നു തുടങ്ങുകയും അതു പിന്നീട് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിത്തീരുകയും ചെയ്യും. ഇത്തരത്തില്‍ ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യാന്‍ സാധ്യത ഇല്ലാത്ത ഭക്ഷണവിഭവങ്ങള്‍ ആയതിനാലാണ് ഷവര്‍മ, സാന്‍ഡ്വിച് എന്നിവ പൊതുവെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിത്തീരുന്നത്.
മാത്രമല്ല പഴകിയ മാംസത്തില്‍ രൂപപ്പെടുന്ന ഇകോളി, സാല്മോണെല്ല, ലിസ്റ്റീരിയ, സ്റ്റഫയിലോ കോക്കസ്, ക്ലോസ്ട്രിഡിയം, ക്യാമ്പയിലോബാക്ടര്‍ പോലുള്ള ബാക്റ്റീരിയകള്‍ അത്യന്തം അപകടകാരികളാണ്. ഇതിന് പുറമെ ചുരുക്കം ചില വൈറസുകളും പരാദങ്ങളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. ചിലപ്പോള്‍ ‘വില്ലന്‍’ ഈ പറഞ്ഞ ഷവര്‍മ പോലും ആകണമെന്നില്ല. അതിന്റെ കൂടെ കിട്ടുന്ന സാലഡ്, മയോണൈസ്, അവിടെ ഉപയോഗിച്ച അഴുക്കുവെള്ളം എന്നിവയില്‍ നിന്നേതിലെങ്കിലുമായേക്കാം അണുബാധ സംഭവിച്ചിട്ടുള്ളത്. ലാബ് പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഭക്ഷ്യവിഷബാധയുടെ കൃത്യമായ ഉറവിടം പറയാന്‍ സാധിക്കുകയുള്ളൂ.
മയോണൈസിനെ സൂക്ഷിക്കുക
പാതിവെന്ത മുട്ടയിലാണ് മയണൈസ് ഉണ്ടാക്കേണ്ടത്. എന്നാല്‍, പലരും പച്ചമുട്ട ഉപയോഗിക്കുന്നു. ഇത് സാല്‍മൊണെല്ല വൈറസുകള്‍ക്ക് കാരണമായേക്കാം. മയണൈസ് അധികസമയം തുറന്നുവെക്കുമ്പോള്‍ പൂപ്പല്‍ വരും. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഷവര്‍മ ഏറെനേരം കഴിഞ്ഞ് കഴിക്കുമ്പോഴും പ്രശ്നമുണ്ടാകാം.
നിയമമുണ്ട് പക്ഷേ…
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് 2006ല്‍ നിലവില്‍ വന്നു. ചട്ടങ്ങളും നിര്‍ദേശങ്ങളും 2011ല്‍ വന്നു. 2012 മുതല്‍ നിയമം നടപ്പാക്കിത്തുടങ്ങി. അതനുസരിച്ച് സുരക്ഷിതമല്ലാതെ ഭക്ഷണം വില്ക്കുകയോ അത് പരിക്കിനോ മരണത്തിനോ കാരണമാകുകയോ ചെയ്താല്‍ ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകും. പരിക്കിന്റെ കാഠിന്യമനുസരിച്ച് ജീവപര്യന്തംവരെ തടവിനും 10 ലക്ഷം രൂപ വരെ പിഴയ്ക്കും ശിക്ഷിക്കാം. നിയമം ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും പഴകിയ ഭക്ഷണം വില്‍ക്കുന്നതും നിര്‍ബാധം തുടരുകയാണ്. അതിലേക്കാണ് ചെറുവത്തൂര്‍ സംഭവവും വിരല്‍ചൂണ്ടുന്നത്.
ഭൂരിപക്ഷം പേരും നിയമം അനുസരിച്ചും ശാസ്ത്രീയമായും കടകള്‍ നടത്തിപ്പൊരുന്ന നമ്മുടെ നാട്ടില്‍ ചുരുക്കം ചില പുഴുക്കുത്തുകളും കണ്ടുവരുന്നുണ്ട്. തമിഴ്നാട്ടില്‍നിന്നും മറ്റും ബ്രോയിലര്‍ കോഴികളെ വണ്ടിയില്‍ കൊണ്ടുവരുമ്പോള്‍ ചത്തുപോകുന്ന കോഴിയെപ്പോലും ഷവര്‍മയ്ക്കായി എടുക്കാന്‍ ആളുണ്ടെന്ന വാര്‍ത്ത ഇടയ്ക്ക് നാം കണ്ടിരുന്നു. ഇതിന് ‘സുനാമി ഇറച്ചി’ എന്ന വിളിപ്പേരും ഉണ്ടത്രേ!.. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ച പഴകിയ ഇറച്ചി കുഴിതോണ്ടി എടുത്ത ചരിത്രവും നമ്മുടെ നാട്ടില്‍ വാര്‍ത്ത ആയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇത്തരം വിഷബാധകളും, മരണവും സംസ്ഥാനത്ത് ആദ്യ വാര്‍ത്തയല്ല.
ശ്രദ്ധിക്കേണ്ടവ
ഇറച്ചി നന്നായി വെന്തില്ലെങ്കില്‍ ബാക്ടീരിയ നശിക്കില്ല.
ബാക്കിവരുന്ന ഇറച്ചി അടുത്തദിവസം ഉപയോഗിക്കുന്നത് അപകടമാണ്.
പച്ചക്കറികളും വേവിച്ച ഇറച്ചിയും ഒരുമിച്ച് സൂക്ഷിക്കരുത്.
ഇറച്ചി തൂക്കിയിടുന്ന കമ്പി വൃത്തിയാക്കണം.
റോഡരികില്‍ പാകംചെയ്യുമ്പോള്‍ പൊടിയും മറ്റും ഭക്ഷണത്തില്‍ കലരുന്നു.
ഷവര്‍മയ്ക്കൊപ്പമുള്ള സാലഡിലെ പച്ചക്കറികള്‍ കഴുകാതെ ഉപയോഗിക്കരുത്.
ഉപ്പിലിട്ട മുളകും മറ്റും നല്കുമ്പോള് അധികം പഴകിയതാവരുത്