മലപ്പുറം: എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ രണ്ടാം പാദവാർഷിക പരീക്ഷയുടെ സമയവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ ടൈംടേബിൾ മാറ്റി വിദ്യാഭ്യാസ വകുപ്പ്. ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നത് വ്യാപക വിമർശനത്തിനിടയാക്കിയതോടെയാണ് പരീക്ഷാ സമയത്തിൽ മാറ്റം വരുത്തി പുതിയ ടൈംടേബിൾ പുറത്തിറക്കിയത്.
ഒൻപതാം ക്ലാസിന്റെ ഇംഗ്ലീഷ്, എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തിപരിചയം എന്നീ പരീക്ഷകളാണ് 16ന് വെള്ളിയാഴ്ച 12.45വരെ നടത്താനിരുന്നത്. പുതുക്കിയ ടൈംടേബിൾ പ്രകാരം ഒൻപതാം ക്ലാസിന് 16ന് പരീക്ഷയില്ല. എട്ടാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷയുടെ സമയം അര മണിക്കൂർ നേരത്തെയാക്കി. രാവിലെ 10 മുതൽ ഉച്ചയ്ക്കു 12.45വരെ നടക്കേണ്ടിയിരുന്ന പരീക്ഷ പുതിയ ടൈംടേബിൾ പ്രകാരം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15വരെയാണ്.
പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വെള്ളിയാഴ്ച ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നത് സർക്കാരും സർവകലാശാലകളും തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. പരീക്ഷാ സമയം തീരുമാനിക്കുമ്പോൾ സർക്കാർ ഇക്കാര്യം പരിഗണിക്കുന്നില്ലെന്ന ആരോപണവുമുയർന്നിരുന്നു. എസ്.വൈ.എസ് അടക്കമുള്ള സംഘടനകൾ അധികൃതരെ സമീപിക്കുകയും ചെയ്തതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ടൈംടേബിൾ പുറത്തിറക്കിയിരിക്കുന്നത്.
ഒൻപതാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ 21ന്
മലപ്പുറം: 16ന് നടത്താനിരുന്ന ഒൻപതാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ 21ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ 4.15വരെയാണ് പരീക്ഷ. അന്നു രാവിലെ 10 മുതൽ 11.45വരെ ഒൻപതാം ക്ലാസിന് ബയോളജി പരീക്ഷയും നടക്കുന്നുണ്ട്. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം 22ന് തന്നെ പരീക്ഷകൾ തീരുന്ന രീതിയിലാണ് പുതിയ ടൈംടേബിളും പുറത്തിറക്കിയിരിക്കുന്നത്.
Comments are closed for this post.