കാക്കനാട്: ഓണക്കോടിക്കൊപ്പം അനധികൃതമായി പണം വിതരണം ചെയ്ത തൃക്കാക്കര നഗരസഭ അധ്യക്ഷയുടെ നടപടി വിവാദമാകുന്നു. ഇത് സംബന്ധിച്ച് തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെതിരെ നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
കൗണ്‍സിലര്‍മാര്‍ക്ക് ഓരോ അംഗങ്ങള്‍ക്കും ഓണക്കോടിയോടൊപ്പം കവറില്‍ 10,000 രൂപയും നല്‍കുകയായിരുന്നു. അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവര്‍ സമ്മാനിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
നഗരസഭയില്‍ പ്രതിപക്ഷമായ എല്‍.ഡി.എഫിലെ 17 കൗണ്‍സിലര്‍മാരും സ്വതന്ത്ര്യ കൗണ്‍സിലറായ പി.സി. മനൂപും സംയുക്തമായാണ് പരാതി നല്‍കിയത്. അഴിമതിയിലൂടെ ലഭിച്ച പണമാണിതെന്നാണ് എല്‍.ഡി.എഫിന്റെ വാദം. ഓണാഘോഷത്തിന്റെ നോട്ടിസ് ആണെന്ന് കരുതി വാങ്ങിയ കവറില്‍ പണമാണെന്ന് മനസ്സിലായതോടെ ഇത് അധ്യക്ഷക്ക് മടക്കി നല്‍കിയതായി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
അതെ സമയം പണം നല്‍കിയിട്ടില്ലെന്ന് അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചില കൗണ്‍സിലര്‍മാര്‍ ബോധപൂര്‍വം തന്നെ വേട്ടയാടുകയാണ്. ജനറല്‍ സീറ്റില്‍ ഒരു പട്ടികജാതിക്കാരിയിരുന്നു ഭരിക്കുന്നതില്‍ അസഹിഷ്ണുതയുള്ള ചിലര്‍ തന്നെ നിരന്തരം വേട്ടയാടുകയാണ്. ഇത് സംബന്ധിച്ച് പൊല്ിസില്‍ പരാതി നല്‍കുമെന്നും അജിത പറഞ്ഞു.
തൃക്കാക്കര നഗരസഭയില്‍ തന്നെ ആശാവര്‍ക്കര്‍മാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തതില്‍ വിവേചനമുണ്ടെന്ന് കാണിച്ച് ആശാവര്‍ക്കര്‍മാര്‍ ഓണക്കോടി തിരിച്ചുനല്‍കി. 43 ആശാവര്‍ക്കര്‍മാരില്‍ ഒരാളെ മാത്രം ഒഴിവാക്കിയതാണ് കാരണം. 28ാം ഡിവിഷനിലെ ആശാ വര്‍ക്കര്‍ ശ്രീജയോടാണ് ഈ വിവേചനം കാണിച്ചത്. വ്യക്തിവൈരാഗ്യം കാരണം ഓണക്കോടി നല്‍കാത്തതെന്ന് ആശാ വര്‍ക്കര്‍മാര്‍ ആരോപിച്ചു.
Comments are closed for this post.