ഇരുചക്ര വാഹനാപകടം ദേശീയതലത്തിൽ കുറയുമ്പോഴും സംസ്ഥാനത്ത് കുത്തനെ ഉയരുന്നുവെന്ന റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണ്. ഇരുചക്ര വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ സങ്കടകഥകൾ മുടങ്ങാതെ ഓരോ ദിവസവും പത്രങ്ങളിലൂടെ വായിക്കാൻ വിധിക്കപ്പെട്ടവരായിരിക്കുന്നു നമ്മൾ. നമുക്കറിയാവുന്ന, നമ്മളെ അറിയാവുന്നയാളുടെ മരണവാർത്തയും ഇക്കൂട്ടത്തിൽ ഉണ്ടാകാം. ഇന്നലെ മലപ്പുറം ജില്ലയിൽ മാത്രം ബൈക്ക് അപകടത്തിൽ മരിച്ചത് മൂന്നുപേരാണ്. അതിൽ ഒരാൾ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. ഇരുചക്ര വാഹനാപകടത്തിൽ അധികവും ഒറ്റപ്പെട്ട മരണമായതിനാൽ വലിയ അപകടങ്ങളുടെയോ ദുരന്തങ്ങളുടെയോ പട്ടികയിൽപെടുത്താറില്ല. എന്നാൽ ഓരോ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കണക്കെടുത്താൽ ആർക്കും മനസിലാകും ഈ മരണചക്രം അത്ര ചെറുതല്ലെന്ന്. വർഷക്കണക്കെടുത്താൽ ആയിരക്കണക്കിന് ജീവനുകളാണ് റോഡിൽ പൊലിയുന്നത്. ഇതിൽ ഏറെയും യുവാക്കളാണെന്നതും കാണാതിരുന്നുകൂടാ.
ദേശീയതലത്തിൽ ഇരുചക്ര വാഹനാപകടങ്ങൾ കുറയുന്നുവെന്നാണ് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ആക്‌സിഡന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിവിധ സംസ്ഥാനങ്ങൾ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പിഴ ഉയർത്തുകയും പരിശോധന ശക്തമാക്കുകയും ചെയ്തതോടെയാണ് അപകടനിരക്ക് കുറയാൻ കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2022ലെ റോഡപകടങ്ങളിൽ 57 ശതമാനവും അമിതവേഗതയെ തുടർന്നാണെന്നാണ് കണ്ടെത്തൽ. മദ്യപിച്ചു വാഹനമോടിക്കലും അശ്രദ്ധമായ ഡ്രൈവിങ്ങും റോഡിന്റെ ശോച്യാവസ്ഥയുമാണ് അപകടങ്ങൾക്കുള്ള മറ്റു കാരണങ്ങൾ. ഗതാഗത മന്ത്രാലത്തിന്റെ ആക്‌സിഡന്റ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് 2018ലെ വാഹനാപകടങ്ങളിൽ 47 ശതമാനവും ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടതായിരുന്നു. ഇത് 2022 ആയപ്പോഴേക്കും 39 ശതമാനമായി കുറഞ്ഞു. എന്നാൽ കേരളത്തിൽ ഈ കാലത്ത് ഇരുചക്ര വാഹനാപകടങ്ങൾ കൂടുകയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2018 ലേയും 2022 ലേയും കണക്കുപ്രകാരം കേരളത്തിലെ വാഹനാപകടത്തിന്റെ 61 ശതമാനവും ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടതാണ്. 2020ൽ ഇത് 67 ശതമാനവും 2021ൽ 64 ശതമാനവുമായിരുന്നുവെന്നും ഓർക്കുക.
.
എന്തുകൊണ്ടാണ് കേരളത്തിൽ ഇരുചക്ര വാഹനാപകടങ്ങൾ കൂടുന്നതെന്നും ഇതു തടയാൻ നാം എന്തുചെയ്യണമെന്നുമുള്ള പരിശോധനയ്ക്കും പരിഹാരത്തിനും ഇനിയും കാലതാമസമുണ്ടാകരുത്. സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വൻതോതിൽ കൂടിയതും റോഡുകളുടെ അപര്യാപ്തതയുമാണ് അപകടങ്ങൾ ഇത്രയേറെ കൂടാൻ കാരണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തൽ. എന്നാൽ യഥാർഥ വില്ലൻ വാഹനങ്ങളുടെ അമിതവേഗതയാണെന്ന കാര്യത്തിൽ തർക്കമില്ല. നേരത്തെ കോളജിലോ ഓഫിസിലോ വീട്ടിലോ എത്താനുള്ള തിടുക്കമാണ് പലർക്കും ജീവിതംതന്നെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരാനിടയാക്കുന്നത്.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം റോഡ് അപകടങ്ങളുടെ കാര്യത്തിൽ കേരളം അഞ്ചാം സ്ഥാനത്താണെന്നതും മറന്നൂകൂടാ. അതായത് ഇന്ത്യയിൽ നടക്കുന്ന ആകെ റോഡ് അപകടങ്ങളിൽ 8.1 ശതമാനവും നമ്മുടെ കൊച്ചു കേരളത്തിലാണ്. മരണങ്ങളുടെ കണക്കുനോക്കുകയാണെങ്കിൽ കേരളം പതിനേഴാം സ്ഥാനത്താണെന്നതാണ് ആശ്വാസം. അതു ആതുരരംഗത്തെ മികവും പരുക്കേറ്റവരെ ഉടൻ ആശുപത്രികളിൽ എത്തിക്കുന്നതും കൊണ്ടാണ്. അപകടത്തിൽപ്പെട്ട പലരും പിന്നീടുള്ള ജീവിതം ദുരിതപൂർണമായാണ് തള്ളിനീക്കുന്നത് എന്നറിയുമ്പോൾ ഇൗ കണക്കുകളൊന്നും ആശ്വാസത്തിന് വഴിയുള്ളതല്ല.
കേരളത്തിൽ വാഹനങ്ങളുടെ എണ്ണം കുത്തനെ ഉയർന്ന് നിരത്തുകളിൽ നിറയുമ്പോഴും പരിശോധന വേണ്ടത്ര കാര്യക്ഷമമല്ല എന്നതിലേക്കാണ് അപകടക്കണക്കുകൾ വിരൽ ചൂണ്ടുന്നത്. പൊലിസിനും മോട്ടോർവാഹന വകുപ്പിനും ക്വാട്ട തികയ്ക്കാൻ മാത്രമാണ് റോഡിലെ പരിശോധന. മാസാവസാനമോ ചില പ്രത്യേക ദിവസമോ മാത്രം, മറ്റെല്ലാ ഡ്യൂട്ടിയും മാറ്റിവച്ച് ഇരുചക്ര വാഹനക്കാരെ പെറ്റിക്കേസിൽ കുടുക്കാനിറങ്ങുന്ന പൊലിസ് നടപടി വാഹനാപകട നിരക്കു കുറയ്ക്കാൻ ഉതകുന്നതല്ലെന്നാണ് നിരത്തുകളിലെ ചോരപ്പാടുകൾ തെളിയിക്കുന്നത്. പരിശോധനയിൽ വിട്ടുവീഴ്ചവരുത്തിയാൽ അനാഥമാകുന്ന കുടുംബങ്ങളുടെ എണ്ണമാണ് ഉയരുക.
റോഡ് നിയമങ്ങൾ കർശനമാക്കുന്നതിനൊപ്പം റോഡുകളുടെ ഗുണനിലവാരവും ഉയർത്തേണ്ടതുണ്ട്. വാഹനാപകടങ്ങളെപ്പറ്റിയുള്ള എച്ച്. സലാമിന്റെ ചോദ്യത്തിന് നിയമസഭയിൽ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് സേഫ് കേരള പദ്ധതിയുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 85 എൻഫോഴ്‌സ്‌ന്റെ് സ്‌ക്വാഡുകളെ 14 ജില്ലകളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ്. ആർട്ടിഫിഷൽ കാമറകൾ ഉൾപ്പെടെ 726 കാമറകൾ നിരത്തുകളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിരത്തുകളിലെ നിലവിട്ട ഓട്ടം ഒപ്പിയെടുക്കാൻ ഈ കാമറകൾക്ക് കഴിയുന്നുണ്ടോ എന്ന പരിശോധന വേണം. ഇല്ലെങ്കിൽ അമിതവേഗതയും അശ്രദ്ധയും ജീവനെടുത്തുകൊണ്ടിരിക്കുന്നവരുടെ പട്ടികയുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും
Comments are closed for this post.