2022 January 28 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘തറവാട് വീട്, തറവാടികളായ അച്ഛനും അമ്മയും, വൃത്തിയും വെടിപ്പുമില്ലാത്ത പണിക്കാരന്‍ വേലു’ ജന്മിത്വത്തിന്റെ വാഴ്ത്തുപാട്ടായി രണ്ടാം ക്ലാസ് മലയാളത്തിലെ പാഠഭാഗം

തറവാടു വീട്. ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്ന തറവാടിയായ അച്ഛന്‍. സാരിയോ പട്ടുപാവാടയോ ധരിച്ച പെണ്‍മക്കള്‍. വേഷ്ടിയും മുണ്ടുമണിഞ്ഞ അമ്മ. ഇതിനെല്ലാം പുറമേ വീടും കുടിയുമില്ലാത്ത വൃത്തിയും വെടിപ്പുമില്ലാത്ത പണിക്കാരന്‍ വേലു. ഇത് നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ജന്മി കുടിയാന്‍ കഥയിലെ രംഗമല്ല. പുരോഗമനത്തിന്റേയും സമത്വത്തിന്റേയും മഹമ ചൊല്ലുന്ന കേരളത്തിലെ രണ്ടാം കഌസ് മലയാളം പാഠാവലിയിലെ ഒരു പാഠഭാഗമാണ്. അതും ജന്മിത്വത്തിനെതിരെ പോരാട്ടം നടത്തിയ സമത്വ സുന്ദര കേരളത്തിനായി കൊടിപിടിച്ച ഇടതു സര്‍ക്കാറിന്റെ കാലത്തെ പാഠപുസ്തകത്തിലെ ഭാഗം. റെന്‍ഷ നളിനി തന്റെ ഫേസ്ബുക്ക് പേജില്‍ ഈ പാഠഭാഗത്തെ കുറിച്ചെഴുതിയതാണ് ആരുമറിയാതെ പോകുമായിരുന്ന ഈ കോമാളിത്തം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയത്.

കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് പോലുമുണ്ട് ഒരു സവര്‍ണ മേധാവിത്വം. സാവിത്രിക്കുട്ടിയാണ് കഥയിലെ നായിക. സാവിത്രിക്കുട്ടിക്ക് ഒരു കുട്ടിപ്പുര വേണം. അതുണ്ടാക്കി നല്‍കുന്നതോ വീട്ടിലെ പണിക്കാരനായ വേലു. ചാരുകസേരയിലിരിക്കുന്ന അച്ഛന്‍ ഒരു നീട്ടിവിളിയിലൂടെ ഉത്തരവിടുകയാണ് വേലുവിനോട്. ആ വിളി കേള്‍ക്കുന്നതോടെ റാന്‍മൂളി വേലു ഓടിയെത്തുന്നു.

കുട്ടിപ്പുരയുടെ പേര് പ്രസാദം.കുട്ടിപ്പുരയില്‍ എഴുതുന്ന അച്ഛന്‍, വീണ വായിക്കുന്ന മകള്‍ ,തുന്നുന്ന മകള്‍, പുസ്തകം വായിക്കുന്ന മകള്‍ ,പെണ്‍ മക്കളെല്ലാം സാരി, അമ്മ വെളുത്ത മുണ്ടും വേഷ്ടിയും. അപാരമായ കരവിരുതില്‍ വേലു നിര്‍മിക്കുന്ന കുട്ടിപ്പുരയും ജന്മിയുടേത്. പിന്നെ കുടിയില്ലാത്ത വേലുവിനൊരു വീടു വെച്ചുകൊടുക്കുന്നു സാവിത്രിക്കുട്ടിയും അച്ഛനും. പിന്നെ കഥയില്‍ പറയുന്നത് വേലുവിന്റെ വീടിനെ കുറിച്ചാണ്.

കിണറിന് ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നു. മുറികളില്‍ മാറാല, പൊടി, തുണി ,കടലാസ് ഒക്കെ വാരിവലിച്ചിട്ടിരിക്കുന്നു. അടുക്കളയില്‍ മഞ്ഞള്‍ക്കറ ,എച്ചില്‍, കഴുകാത്ത പാത്രങ്ങള്‍, ദുര്‍ഗന്ധം. സാവിത്രിക്കുട്ടിക്ക് ഓക്കാനം. പിന്നെ വേലുവിന് സാവിത്രിക്കുട്ടി വൃത്തിയുടെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ ഇതുകൊണ്ടുപോയി ചര്‍ദ്ദിച്ചുവെക്കാന്‍ നാണമില്ലേ എന്ന് അധ്യാപകരോട് ചോദിക്കുന്ന റെന്‍ഷ നളിനി.

പൂര്‍ണരൂപം
ഇത് രണ്ടാം ക്ലാസിലെ എന്റെ മകളുടെ മലയാള പാഠമാണ് ‘കുട്ടിപ്പുര’. ആ ഉമ്മറത്ത് ചാരുകസേരയില്‍ വേഷ്ടിയും പുതച്ച് ചാരിക്കിടക്കുന്നത് ആറു വയസ്സുള്ള സാവിത്രിക്കുട്ടിയുടെ അച്ഛനാണ്. സാവിത്രിക്കുട്ടിക്ക് ഒരു കുട്ടിപ്പുര വേണം. അവള്‍ അച്ഛനോട് പറഞ്ഞു. അച്ഛന്‍ നീട്ടി വിളിച്ചു ‘വേലൂ”. അങ്ങനെ കുട്ടിപ്പുരയുടെ പണി കൂലിപ്പണിക്കാരനായ വേലുവിന് കിട്ടി. വേലു കുട്ടിപ്പുര പണിഞ്ഞു. അടുക്കള ,കലവറ ,കിടപ്പറ, കുളിമുറി, ഉമ്മറം’, വരാന്തയൊക്കെയുള്ള ഒരു തറവാട്. വേലുവിനുണ്ടോ വീടും കുടിയുമെന്നൊക്കെ പറഞ്ഞെങ്കിലും വേലുവിന്റെ മനസ്സില്‍ എല്ലാമുണ്ട്. കുട്ടിപ്പുരയുടെ പേര് പ്രസാദം.കുട്ടിപ്പുരയില്‍ എഴുതുന്ന അച്ഛന്‍, വീണ വായിക്കുന്ന മകള്‍ ,തുന്നുന്ന മകള്‍, പുസ്തകം വായിക്കുന്ന മകള്‍ ,പെണ്‍ മക്കളെല്ലാം സാരി, അമ്മ വെളുത്ത മുണ്ടും വേഷ്ടി യും.വേലുവിന്റെ കരവിരുത് അപാരം. സാവിത്രിക്കുട്ടി ക്ഷണക്കത്തടിച്ച് ഗൃഹപ്രവേശം നടത്തി.അത് കഴിഞ്ഞപ്പോള്‍ വേലുവിന് പനി. സാവിത്രിക്കുട്ടിയും അച്ഛനും കൂടി വേലുവിനെ ആശുപത്രിയില്‍ കൊണ്ടു പോയി.വേലുവിന് വീടില്ല. സാവിത്രിക്കുട്ടിയുടെ അച്ഛന്‍ സ്ഥലവും അവളും കൂട്ടുകാരും കുടുക്ക പൊട്ടിച്ച് പണവും കൊടുത്ത് വേലുവിന് വീട് വച്ചു കൊടുക്കുന്നു .സാവിത്രിക്കുട്ടി വേലുവിന്റെ വീട് കാണാന്‍ പോയി. അവിടെ ചെന്നപ്പോള്‍ കിണറിന് ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നു. മുറികളില്‍ മാറാല, പൊടി, തുണി ,കടലാസ് ഒക്കെ വാരിവലിച്ചിട്ടിരിക്കുന്നു .അടുക്കളയില്‍ മഞ്ഞള്‍ക്കറ ,എച്ചില്‍, കഴുകാത്ത പാത്രങ്ങള്‍, ദുര്‍ഗന്ധം. സാവിത്രി ക്കുട്ടിക്ക് ഓക്കാനം. പിന്നെ വേലുവിന് സാവിത്രിക്കുട്ടി വൃത്തിയുടെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. പാവം കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന വേലുവിന് വൃത്തിയില്ല. ഭാഗ്യം അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയെന്നു പഴഞ്ചൊല്ലു പറഞ്ഞില്ല. ഇനിയെന്തെല്ലാം കാണാന്‍ കിടക്കുന്നു. കഷ്ടം! നിങ്ങള്‍ക്കൊന്നും നാണമില്ലേ അദ്ധ്യാപകരേ ഇതുകൊണ്ടു പോയി കുട്ടികളുടെ മുന്നില്‍ ഛര്‍ദ്ദിച്ച് വയ്ക്കാന്‍. ഇതൊക്കെ പഠിച്ച് എന്റെ മകള് ചോദിച്ച കുറച്ച് ചോദ്യങ്ങളുണ്ട്. പറയാം.
(1) .സാവിത്രിക്കുട്ടീടെ അച്ഛനെന്താമ്മേ ഷര്‍ട്ടിടാതെ മുണ്ട് പുതച്ചിരിക്കുന്നത്.?
(2). സാവിത്രിക്കുട്ടീടെ അച്ഛനെന്താ അവളെ കുട്ടിപ്പുരയുണ്ടാക്കാന്‍ സഹായിക്കാത്തത്?
(3). ഈ ‘കലവറ ‘, ‘പ്രസാദം’ എന്നൊക്കെ പറഞ്ഞാല്‍ എന്താ?
(4) വേലുവിനെന്താ വീടില്ലാത്തത്.
(5). സാവിത്രിക്കുട്ടിടെ അച്ഛന്റെ കയ്യില്‍ ഒരു പാട് കാശും, സ്ഥലവും ഉണ്ടല്ലോ. അതെവിടുന്നാ .എന്താ പണി?
(6). വേലു ജോലി ചെയ്തിട്ടും വീട് വയ്ക്കാന്‍ കാശില്ലാത്തതെന്താ. സാവിത്രിക്കുട്ടിടെ കുടുക്കയില്‍ ഇഷ്ടം പോലെ കാശുണ്ടല്ലോ… അവള്‍ കുട്ടിയല്ലേ അതെന്താ അങ്ങനെ?
(7). സാവിത്രിക്കുട്ടീടെ അച്ഛനും, കുട്ടിപ്പുരയിലെ അച്ഛനുമൊക്കെ എന്താ എപ്പോഴും കസേരയിലിരിക്കുന്നത്.?
(?? .കുട്ടിപ്പുരയിലെ ചേച്ചിമാരെല്ലാമെന്താ സാരിയുടുത്തിരിക്കുന്നത്. നമ്മളെ പ്പോലെ ഡ്രസ് ധരിക്കാത്തതെന്താ?
(9) .സാവിത്രിക്കുട്ടി ചെറിയ കുട്ടിയായിട്ടും വേലുവിനേക്കാള്‍ നന്നായിട്ട് വൃത്തിയെപറ്റി അറിയാമല്ലോ അതെന്താ അങ്ങനെ?
(10). കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ആളുകള്‍ക്ക് ശരിക്കും വൃത്തിയില്ലേ?
(11) ഈ സാവിത്രിക്കുട്ടിക്ക് ഇംഗ്ലീഷിലെന്താ പറയുക.മലയാളത്തിലെഴുതാന്‍ വലിയ പാടാണല്ലോ?
………………….
എന്നാലും ഓരോ ഒണ്ടാക്കലുകള് !!!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.