തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ കാലവർഷം കനക്കുമെന്ന് റിപ്പോർട്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമാണ് മഴ ശക്തമാകാൻ കാരണമാവുക. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അതിശക്തമായ മഴ ലഭിക്കും.
എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ശക്തമായ മഴയുണ്ടാകും. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.3 മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. സെക്കൻഡിൽ 51 cm നും 63 cm നും ഇടയിൽ വേഗത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകും. അതിനാൽ തീരദേശത്ത് താമസിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണം.
24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത ദിവസങ്ങളിലെ മഴസാധ്യത പ്രവചനം
യെല്ലോ അലർട്ട്
29-06-2023: കണ്ണൂർ, കാസറഗോഡ്
30-06-2023: ഇടുക്കി, കണ്ണൂർ, കാസറഗോഡ്
Comments are closed for this post.