
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള മുന്‍ അമീറും മാധ്യമം മുന്‍ ചെയര്‍മാനും ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് പ്രഥമ സെക്രട്ടറിയുമായിരുന്ന പ്രൊഫസര്‍ കെ.എ സിദ്ദീഖ് ഹസ്സന് (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
ബഹുഭാഷ പണ്ഡിതനും എഴുത്തുകാരനും വാഗ്മിയുമാണ്. കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എ (അറബിക്) യും നേടി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസര്‍ഗോഡ് ഗവണ്മെന്റ് കോളജുകളില്‍ അധ്യാപകനായിരുന്നു.
പ്രബോധനം വാരികയുടെ സഹ പത്രാധിപര്‍, മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്ലാം ദര്‍ശനത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാലു തവണ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ആയിരുന്ന അദ്ദേഹം ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീറായിരുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടറാണ്.
മാധ്യമം ദിനപത്രം, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്, അതിന്റെ
ആഭിമുഖ്യത്തിലുള്ള വിഷന്‍ 2016, മലര്‍വാടി ബാലമാസിക എന്നിവയുടെ പ്രധാന ശില്പികളില് ഒരാളാണ്.
മുസ്ലിം സമുദായക്ഷേമ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ 2010 ലെ ഇസ്ലാം ഓണ്‍ലൈന്‍ സ്റ്റാര്‍ അവാര്‍ഡ്, വിദ്യാഭ്യാസം, ജനസേവനം, മുസ്ലിം ന്യൂനപക്ഷ ശാക്തീകരണം, മനുഷ്യാവകാശ പോരാട്ടം
എന്നിവയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് 2015ലെ ഇമാം ഹദ്ദാദ് എക്സലന്‍സ് അവാര്‍ഡ്,
ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം എന്നിവ ലഭിച്ചു. മേഘാലയ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ പ്രൊഫ. സിദ്ദീഖ് ഹസന്റെ പേരില്‍ ഒരു കെട്ടിടമുണ്ട്. പ്രബോധനത്തിലും വിവിധ ആനുകാലികങ്ങളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
കൃതികള്‍: ഇസ്ലാം: ഇന്നലെ ഇന്ന് നാളെ, തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ (വിവര്‍ത്തനം), പ്രവാചക കഥകള്‍.
ഭാര്യ വി.കെ. സുബൈദ, മക്കള്‍: ഫസലുറഹ്മാന്, സാബിറ,ശറഫുദ്ദീന്‍, അനീസ്.