2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തലശ്ശേരിയില്‍ കാണാതായ ദമ്പതികളെ കണ്ടെത്തി; തിരോധാനം നഗരസഭക്കെതിരെ കത്തെഴുതിവെച്ച ശേഷം

തലശേരി: കണ്ണൂര്‍ തലശേരിയില്‍ കാണാതായ ദമ്പതികളെ കണ്ടെത്തി. തലശേരി സ്വദേശികളായ ശ്രീദിവ്യ , ഭര്‍ത്താവ് രാജ് കബീര്‍ എന്നിവരെ കോയമ്പത്തൂരിലാണ് കണ്ടെത്തിയത്. ഇന്ന് തന്നെ ഇവരെ കണ്ണൂരിലെത്തിക്കും. രാജ് കബീറിന്റേയും ഭാര്യ ശ്രീവിദ്യയുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവരെ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയത്. ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവര്‍ ലൊക്കേഷന്‍ പൊലിസിന് ലഭ്യമായി. തുടര്‍ന്ന് ഡി ഐ ജി രാഹുല്‍ ആര്‍ നായരുടെ നിര്‍ദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലിസ് ദമ്പതികളെ കണ്ടെത്തുകയായിരുന്നു. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തിയതും പൊലിസിന് സഹായകമായി.

ഒരു മാസം മുന്പ് ഇവരുടെ വ്യവസായ യൂണിറ്റ് തലശേരി നഗരസഭ അടച്ചുപൂട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് തലശേരി നഗരസഭക്കെതിരെ കത്തെഴുതി വെച്ചശേഷമാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തില്‍ പറയുന്നുണ്ട്

ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും കാണാതാകുന്നത്.പതിനെട്ട് വര്‍ഷത്തോളമായി തലശ്ശേരി നഗരസഭയ്ക്ക് കീഴിലുള്ള കല്ലിക്കലെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ ഇരുവരും ചേര്‍ന്ന് ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തി വരികയായിരുന്നു. ഇവിടെ സ്ഥലം കയ്യേറി എന്നാരോപിച്ചാണ് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് 2021ല്‍ നഗരസഭ ഇവര്‍ക്ക് കത്തു നല്‍കുന്നത്. അല്ലെങ്കില്‍ നാല് ലക്ഷത്തിലധികം രൂപ പിഴയൊടുക്കണമെന്നും നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ഇതിനെതിരെ ഇരുവരും കോടതിയെ സമീപിച്ചു. നടപടികള്‍ തുടരവേ ഒരു മാസം മുമ്പ് ഇവരുടെ സ്ഥാപനം നഗരസഭ പൂട്ടുകയും ഇവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിനിടയിലാണ് കഴിഞ്ഞ 19ാം തീയതി ഇവര്‍ക്കനുകൂലമായി ഹൈക്കോടതിയില്‍ നിന്ന് വിധി വരുന്നത്. നാല് ലക്ഷത്തിലധികം രൂപ പിഴ നാല്പ്പത്തിയൊന്നായിരം രൂപയായി ഹൈക്കോടതി കുറച്ചു കൊടുക്കുകയും സ്ഥാപനം തുറന്നു കൊടുക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തു. കോടതി ഉത്തരവുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ നഗരസഭയുടെ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും കോടതി വിധി മാനിക്കാന്‍ നഗരസഭാധികൃതര്‍ തയ്യാറായില്ല. എന്തെങ്കിലും കാരണം കാട്ടി സ്ഥാപനം പൂട്ടിക്കുമെന്ന് ചില ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.

ഇതോടു കൂടി ഇരുവരും കടുത്ത മാനസിക സമ്മര്‍ദത്തിലായി. തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോട് കൂടി ഇരുവരും വീട് വിട്ടിറങ്ങുകയായിരുന്നു. പോകുന്നതിന് മുമ്പ് നഗരസഭ പീഡിപ്പിക്കുന്നുവെന്നും വ്യവസായവുമായി മുന്നോട്ടു പോകാന്‍ തോന്നുന്നില്ലെന്നും തങ്ങളെ അന്വേഷിക്കേണ്ടെന്നും സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശവുമയച്ചു. തങ്ങളുടെ തിരോധാനത്തിന് പിന്നില്‍ നഗരസഭയാണെന്നും സന്ദേശത്തിലുണ്ടായിരുന്നു.

വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതോടെ ആരോപണങ്ങളെല്ലാം തള്ളി തലശ്ശേരി നഗരസഭ രംഗത്തെത്തിയിരുന്നു. ക്രമവിരുദ്ധമായ കയ്യേറ്റങ്ങള്‍ കണ്ടെത്തിയതോടെ ഒഴിപ്പിക്കാനുള്ള നടപടി മാത്രമാണ് നടത്തിയതെന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവരുടെ വാദം. തലശ്ശേരി നഗരസഭ ഭരിക്കുന്നത് സിപിഎം ആയതുകൊണ്ട് തന്നെ സിപിഎമ്മിനുള്ളില്‍ പ്രാദേശികമായ വിവാദങ്ങള്‍ക്കും ഇത് വഴിവച്ചു. വിമര്‍ശനം കടുത്തതോടെ സ്ഥാപനം തുറന്നുകൊടുക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. പക്ഷേ ഇരുവരെയും കാണാതായ സാഹചര്യത്തില്‍ സ്ഥാപനം തുറക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.

കേരളത്തിലെ തന്നെ അറിയപ്പെടുന്ന എഴുത്തുകാരനായ കെ.തായാട്ടിന്റെ മകനാണ് രാജ് കബീര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.