2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം? മാര്‍ഗ നിര്‍ദേശവുമായി കേരള പൊലിസ്

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം? മാര്‍ഗ നിര്‍ദേശവുമായി കേരള പൊലിസ്

നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഉടമകള്‍ക്കുണ്ടാക്കുന്ന പൊല്ലാപ്പിന്റെ വാര്‍ത്തകള്‍ നാം ദിനേനയെന്നോണം കേള്‍ക്കുന്നതാണ്. നഷ്ടപ്പെട്ട ഫോണുപയോഗിച്ച് നിങ്ങളുടെ സ്വകാര്യ വിവരങ്ങളും കോണ്‍ടാക്ട്, ഫോട്ടോ, അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. പ്രത്യോകിച്ച് സൈബര്‍ കുറ്റ കൃത്യങ്ങളും തട്ടിപ്പ് സംഘങ്ങളും നമുക്കിടയില്‍ വ്യാപകമായ ഇക്കാലത്ത് നമ്മള്‍ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

ഇനി എത്രയൊക്കെ കരുതിയിട്ടും നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടെന്ന് കരുതുക. ഉടന്‍ തന്നെ പൊലിസില്‍ പരാതിപ്പെടുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്. കേരള പൊലിസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ, തുണ വെബ് പോര്‍ട്ടല്‍ വഴിയോ അതുമല്ലെങ്കില്‍ പൊലിസ് സ്റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പൊലിസ് തന്നെ വീശദീകരിക്കുന്നത് നോക്കൂ. കേരള പൊലിസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ഇതുസംബന്ധിച്ച് വിശദീകരണമുള്ളത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതി നല്‍കാം.

പരാതിയില്‍ ഫോണിന്റെ IMEI നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടര്‍ന്ന്, സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇത് ഉപകരിക്കും.

സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങള്‍ നഷ്ടമായ ഫോണില്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കുതന്നെ ഡിലീറ്റ് ചെയ്യാന്‍ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിള്‍ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ പേജില്‍ ലോഗിന്‍ ചെയ്യുക. ഫോണ്‍ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പേജില്‍ കാണാന്‍ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ച ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.

ബാങ്ക് അക്കൗണ്ട്, പാസ്വേഡ് എന്നിവ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിക്കുന്നു.


പോല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് https://play.google.com/store/apps/details…
കേരള പോലീസിന്റെ തുണ പോര്‍ട്ടലിലേയ്ക്കുള്ള ലിങ്ക് https://thuna.keralapolice.gov.in/
Find my device ന്റെ ഗൂഗിള്‍ പേജിനായുള്ള ലിങ്ക് https://www.google.com/android/find/


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.