2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

തട്ടിപ്പുകള്‍ വ്യാപകം: ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടും; നികുതി വകുപ്പ് പദ്ധതിരേഖ സമര്‍പ്പിച്ചു

റഫീഖ് റമദാൻ

 

 

കോഴിക്കോട്: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നതിനിടെ ഇത്തരം പണമിടപാട് സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രണത്തിലാക്കാൻ നടപടി തുടങ്ങി. സ്ഥാപനങ്ങളെ കേരള മണിലെൻഡേഴ്‌സ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്ന് ലൈസൻസ് നിർബന്ധമാക്കുന്നത് ബജറ്റിൽ ഉൾക്കൊള്ളിക്കാൻ നികുതി വകുപ്പ് സർക്കാർ മുമ്പാകെ പദ്ധതിരേഖ സമർപ്പിച്ചു.

അമിതമായി പലിശ വാങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും നടപടിയെടുക്കാനും ഇതോടെ സർക്കാരിനു സാധിക്കും. സ്ഥാപനങ്ങൾ ഒരു നിശ്ചിത സെക്യൂരിറ്റി തുക സർക്കാരിൽ കെട്ടിവയ്‌ക്കേണ്ടി വരും. ഓൺലൈൻ ഗെയിമുകൾക്ക് മൂക്കുകയറിടുന്നതിനും അടുത്ത മാസം ധനമന്ത്രി കെ.എൽ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ നിർദേശമുണ്ടാകും. പ്രി ബജറ്റ് കൺസൾട്ടേഷനുകൾ നടന്നുവരികയാണ്.

ഓൺലൈൻ പണമിടപാടുകൾ വർധിച്ചതോടെയാണ് സൈബർ തട്ടിപ്പുകൾ അധികരിച്ചത്. കൊവിഡ് മഹാമാരി വന്നതോടെ ഡിജിറ്റൽ പണമിടപാടുകൾ സാർവത്രികമായി. പേ.ടി.എം, മണി ടാപ്, ട്രൂ കാളർ, ഭാരത് പേ, മൊബി ക്വിക്, ലെൻഡിങ് കാർട്ട് തുടങ്ങി എണ്ണമറ്റ ഓൺലൈൻ പണമിടപാട് സ്ഥാപനങ്ങൾ സജീവമാണ്. ഒരു കോടി രൂപ വരെ മൂന്നു വർഷ കാലാവധിയിൽ നൽകുന്ന ലെൻഡിങ് കാർട്ടാണ് ഈ രംഗത്തെ അതികായൻ. രാജ്യത്തുടനീളം ചെറുകിടക്കാർക്കും വൻകിട കമ്പനികൾക്കും ഓൺലൈനായി വായ്പ നൽകുന്ന സ്ഥാപനമാണിത്.

മണി ടാപ് അഞ്ചു ലക്ഷം വരെയും പേ.ടി.എം രണ്ടു ലക്ഷം വരെയുമാണ് വായ്പയായി നൽകുന്നത്. ചെറിയ പലിശക്ക് വളരെ പെട്ടെന്ന് പണം നൽകുമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ഓൺലൈൻ കമ്പനികൾ രംഗത്തുണ്ട്. നിയന്ത്രണം വരുന്നതോടെ ഈ രംഗത്തെ തട്ടിപ്പുകൾക്ക് ഒരു പരിധി വരെ കടിഞ്ഞാണിടാനായേക്കും.

മൂന്നു വർഷം കൊണ്ട് രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ 216% വർധിച്ചെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്. ഇടപാട് തുകയിലും 10% വർധനയുണ്ടായി. 2019 മുതൽ 2022 വരെ ഡിജിറ്റൽ പേയ്‌മെന്റിലൂടെ യു.പി.ഐ, ഐ.എം.പി.എസ്, പി.പി.ഐ ഇടപാടുകൾ യഥാക്രമം 104%, 39%, 13% വർധിച്ചു. ഇന്ത്യക്കാരിൽ 62 ശതമാനവും ഓൺലൈൻ തട്ടിപ്പിന് ഒരിക്കലെങ്കിലും ഇരയായതായാണ് കണക്കാക്കപ്പെടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.