
മംഗലാപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. കേസിലെ എട്ടാം പ്രതി പാക്കം സ്വദേശി സുബീഷാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
കൊലപാതകം നടന്നതിന് പിന്നാലെ നാടുവിട്ടതായിരുന്നു സുബീഷ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സബീഷെന്നാണ് റിപ്പോര്‍ട്ട്.
ഉദുമ മേഖലയില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ആളായിരുന്നു സുബീഷ്. കൊലപാതകം നടന്ന ആദ്യ ദിനങ്ങളില്‍ ഇയാള്‍ പ്രദേശത്തുണ്ടായിരുന്നു. എന്നാല്‍ അന്വേഷണം ശക്തമായതോടെ ഇയാള്‍ മുങ്ങി. വിദേശത്തുനിന്ന് ഇയാളെ പിടികൂടുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ശ്രമങ്ങള്‍ പൊലിസ് തുടങ്ങിയിരുന്നു. സുബീഷും പിടിയിലായതോടെ കേസിലെ പ്രധാനപ്പെട്ട മുഴുവന്‍ പ്രതികളും കസ്റ്റഡിയിലായെന്നാണ് സൂചന.
അതിനിടെ കേസില്‍ അറസ്റ്റിലായിരുന്ന സി.പി.എം. നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം കോടതി ഉപാധികളോട ജാമ്യം അനുവദിച്ചിരുന്നു. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠന്, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന് എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡ് പെരിയ കല്യാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത്ലാല് (28) എന്നിവര്‍ ഫെബ്രുവരി 17 നാണ് കൊല്ലപ്പെട്ടത്. സന്ധ്യയോടെ കല്യാട്ട് സ്കൂള്‍ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ശരത് ലാലിന് ശരീരമാസകലം വെട്ടേറ്റിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്