
കൊച്ചി: ബി.ജെ.പിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പി.സി ജോര്‍ജ് തൃക്കാക്കരയിലേക്ക്. തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ലെന്ന് പി.സി ജോര്‍ജ്. തൃക്കാക്കരയില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ട് അവിടേക്ക് പോകുകയാണെന്നും ജോര്‍ജ് പറഞ്ഞു. തൃക്കാക്കരയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അല്ലായിരുന്നെങ്കില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ പോലും എടുക്കില്ലായിരുന്നു. പൊലിസ് രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘വെണ്ണലയില്‍ ഒരു സമുദായത്തെ കുറിച്ചും പറഞ്ഞിട്ടില്ല. സാമുദായിക സൗഹാര്‍ദത്തെ കുറിച്ചാണ് പറഞ്ഞത്. ഇന്നലെ രണ്ടരയായപ്പോള്‍ ഹാജരാകാന്‍ നോട്ടിസ്. ഇന്നയിന്ന കാരണങ്ങളാല്‍ നാളെ പറ്റില്ല, തിങ്കളോ ചൊവ്വയോ ഹാജരാകാമെന്ന് ഞാന്‍ പറഞ്ഞു. വരാന്‍ പറ്റില്ലെന്നു പറയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് രാത്രി വിളിച്ച് പൊലീസ് പറഞ്ഞു. ഇത് പൊലിസല്ല, പിണറായിയുടെ ഊളന്മാരാ. കേരള പൊലിസ് വരട്ടെ. ഞാന്‍ അനുസരിക്കാം’ പി.സി ജോര്‍ജ് പറഞ്ഞു.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് തന്നെ രണ്ട് നോട്ടിസ് ലഭിച്ചു. ഹാജരാകാനുള്ള അസൗകര്യം അറിയിച്ചപ്പോള്‍ അത് ഭരണഘടനാ ലംഘനമാണെന്ന് പറഞ്ഞുകൊണ്ട് വീണ്ടും പോലിസിന്റെ ഫോണ്‍ രാത്രി പത്തരയ്ക്ക് ശേഷം വന്നു. ഒരു നോട്ടിസ് കൂടിയുണ്ടെന്ന് അറിയിച്ചായിരുന്നു ഫോണ്‍ കോള്‍. വിവരം അറിയിക്കുമ്പോള്‍ പോലിസുകാര്‍ തന്നെ ചിരിക്കുകയായിരുന്നു- പി.സി ജോര്‍ജ്ജ് പറഞ്ഞു.
പൊലീസിന് തനിക്കെതിരെ നടപടി സ്വീകരിക്കാനാകില്ല. നിയമം ലംഘിച്ചതായി ആദ്യം കോടതിയെ ബോധ്യപ്പെടുത്തണം. ആനപ്പുറത്തിരിക്കുമ്പോള്‍ ആരെയും പേടിക്കേണ്ടെന്ന തോന്നലാണ്. ആനപ്പുറത്ത് നിന്ന് ഇറങ്ങുമ്പോള്‍ അറിയാം. തൃക്കാക്കരയിലെത്തുന്നത് ജനാധിപത്യ കടമ നിറവേറ്റാനാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
തൃക്കാക്കരയിലെത്തിയ പി.സി ജോര്‍ജിന് ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെണ്ണല ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി.