തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പി ജയരാജനെ തള്ളി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
പി.ശശിക്ക് പൊളിറ്റിക്കല്‍ സെക്രട്ടറിയാകാന്‍ ഒരു അയോഗ്യതയുമില്ല. ഏക അഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനമെടുത്തത്. ഒരാള്‍ക്കെതിരെ നടപടി എടുത്താല്‍ അത് ആജീവനാന്തമല്ല. തെറ്റുകള്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയുടെ കാര്യമില്ല- ഇ.പി ജയരാജന്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സമിതിയിലാണ് മുന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിക്കുന്നതിന്റെ സാധുതയും യോഗ്യതയും ചോദ്യം ചെയ്തത്. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ഇ.കെ. നായനാര്‍ സര്‍ക്കാറിന്റെ കാലത്തെ ശശിയുടെ വിവാദ പ്രവര്‍ത്തനങ്ങളിലേക്ക് ജയരാജന്‍ സംസ്ഥാന സമിതിയുടെ ശ്രദ്ധ തിരിച്ചു. ശശിക്ക് ഇത്തരമൊരു നിയമനം നല്‍കുന്നത് എന്തിന്റെ പേരിലെന്ന് വിശദീകരിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. ഈ നിയമനം സൂക്ഷ്മതയില്ലാത്തതാണ്. ഇതിന്റെ പേരില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് രേഖപ്പെടുത്തേണ്ടതെന്നായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍ ഇതിന് നല്‍കിയ മറുപടി.
മുസ്‌ലിം ലീഗിന്റെ മുന്നണി പ്രവേശനത്തിലും ഇ.പി ജയരാജന്‍ പ്രതികരിച്ചു. മുസ്‌ലിം ലീഗിനെ എല്‍.ഡി.എഫിന്റെ ഭാഗമാക്കുന്നതില്‍ ലീഗാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് നിലപാട് വ്യക്തമാക്കിയ ശേഷം അതിനെ കുറിച്ച് ആലോചിക്കാം. ആകാശത്തു കിടക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെ കവാടങ്ങള്‍ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എല്‍ഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും മുന്നണിയില്‍ വന്നേക്കുമെന്നും ഇ.പി പറഞ്ഞു.
ആര്‍എസ്പി പുനര്‍ചിന്തനം നടത്തണമെന്നും ഇ.പി ആവശ്യപ്പെട്ടു. യുഡിഎഫില്‍ എത്തിയ ആര്‍എസ്പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകടാണ് ആ പാര്‍ട്ടി ഈ നിലയിലെത്താന്‍ കാരണം. അവര്‍ പുനപരിശോധന നടത്തിയാല്‍ നല്ലത്. എല്‍ഡിഎഫ് നയങ്ങള്‍ അംഗീകരിച്ച് വന്നാല്‍ പിജെ കുര്യനുമായും സഹകരിക്കും. മാണി സി കാപ്പന്‍ തിരികെ വന്നാലും സഹകരിപ്പിക്കും.
എസ്ഡിപിഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കാലത്താണ് അതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തിലും ഇ പി മറുപടി പറഞ്ഞു. പാര്‍ട്ടി നേതാക്കളെ ഓട്ടോറിക്ഷയില്‍ കയറ്റാനാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നേതാക്കള്‍ക്ക് നല്ല സൗകര്യം നല്‍കണം. ഇന്നോവ ആഡംബര വാഹനം അല്ല എന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
Comments are closed for this post.