2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തൃശൂരില്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ കേസ്; രണ്ട് മാസത്തിന് മുന്‍പ് ആരംഭിച്ച കൊലപാതക ശ്രമങ്ങള്‍, തെളിവുകള്‍ പുറത്ത്

തൃശൂര്‍: തൃശൂര്‍ കുന്നംകുളം കീഴൂരില്‍ അമ്മയെ മകള്‍ വിഷം കൊടുത്തു കൊന്ന കേസില്‍, രണ്ടുമാസങ്ങളായുള്ള ഇന്ദുലേഖയുടെ കൊലപാതകശ്രമങ്ങളാണ് അമ്മ രുഗ്മിണിയുടെ ജീവനെടുത്തത്. പലപ്പോഴായി പലരീതിയിലാണ് ഇവര്‍ കൊലപാതകം നടത്താന്‍ ശ്രമിച്ചിരുന്നതെന്നതിനുള്ള തെളിവുകള്‍ പൊലിസ് കണ്ടെടുത്തു. ചെറിയ അളവില്‍ വിഷം നല്‍കി സ്ലോ പോയിസണിങ്ങിലൂടെ അമ്മയെ കൊലപ്പെടുത്തുക എന്നതായിരുന്നു ഇന്ദുലേഖയുടെ പദ്ധതി. നിരന്തരം വിഷാംശം ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്ന് കരളിന് വലിയതോതില്‍ നാശം സംഭവിച്ചതിനെതുടര്‍ന്നായിരുന്നു രുഗ്മിണിയുടെ മരണം. അച്ഛന്‍ ചന്ദ്രനെയും ചായയില്‍ പാറ്റ ഗുളിക കലര്‍ത്തി നല്‍കി കൊല്ലാന്‍ ഇന്ദുലേഖ ശ്രമിച്ചെങ്കിലും ചായക്ക് രുചിവ്യത്യാസം തോന്നി ചന്ദ്രന്‍ ചായ കുടിക്കാതിരുന്നതിനാലാണ് രക്ഷപെട്ടത്.

തെളിവെടുപ്പില്‍ ഇന്ദുലേഖ അമ്മക്ക് വിഷം നല്‍കിയതിന്റെ അവശിഷ്ടങ്ങളും, എലിവിഷം നല്‍കുന്നതിന് ഉപയോഗിച്ച പാത്രവും പൊലിസ് കണ്ടെടുത്തു. എലിവിഷത്തെക്കുറിച്ചും ഇത് കഴിച്ചാല്‍ എങ്ങനെ മരണം സംഭവിക്കുമെന്നതിനെക്കുറിച്ചും ഇന്ദുലേഖ ഗൂഗിളില്‍ തിരഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കേസില്‍ നിര്‍ണായക സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. പ്രതി കുറ്റസമ്മതം നടത്തിയതായും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും എസിപി ടിഎസ് സിനോജ് മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹിതയും രണ്ട് മക്കളുമുള്ള ഇന്ദുലേഖയ്ക്ക് എട്ടുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലെത്തുന്നതിന് മുമ്പ് കടബാധ്യത വീട്ടണമെന്ന് ഇന്ദുലേഖ പദ്ധതിയിട്ടിരുന്നു. മാതാപിതാക്കളുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേഖ ലക്ഷ്യമിട്ടതെങ്കിലും അമ്മ എതിര്‍ത്തതോടെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.