2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

   

മഞ്ചേരി: മഞ്ചേരിനഗരസഭ കൗണ്‍സിലറും പ്രാദേശിക മുസ്‌ലിം ലീഗ് നേതാവുമായ തലാപ്പില്‍ അബ്ദുല്‍ ജലീലിനെ (57) തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി പൊലിസ് പിടിയില്‍. മഞ്ചേരി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട നാല് പേരാണ് ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്.

കൃത്യം നടന്ന ചൊവ്വാഴ്ച രാത്രി 12.45 മുതല്‍ ഒന്നാം പ്രതിയായ ഷുഹൈബിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേസിലെ മറ്റു രണ്ട് പ്രതികളായ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടില്‍ ഷംഷീര്‍ (32), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയന്‍തൊടിക വീട്ടില്‍ അബ്ദുല്‍ മാജിദ് (26) എന്നിവര്‍ റിമാന്‍ഡിലാണ്.

ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് കൗണ്‍സിലറുടെ തലക്കടിച്ചത്. രണ്ട് ബൈക്കുകളിലായി മൂന്ന് പേരാണ് സംഭവസ്ഥലത്ത് എത്തിയത്. ഇതില്‍ ഒരു ബൈക്ക് പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡില്‍ നിന്നും മാറി ചെറു റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ സംബന്ധിച്ച് ഇരു സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടായിരുന്നു. ഇതാണ് പിന്നീട് കൗണ്‍സിലറെ ആക്രമിക്കാന്‍ കാരണമായത്. അടിയുടെ ആഘാതത്താല്‍ തലയോട്ടി വരെ തകര്‍ന്നിരുന്നു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി ഏഴ് മണിയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അബ്ദുല്‍ ജലീല്‍ മരിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.