റിയാദ്: സഊദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് മൂന്ന് മരണം. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസല്‍ അബ്ദുല്‍ സലാം എന്നയാളുടെ മക്കളായ അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍ ഫൈസല്‍ (3) ഭാര്യാമാതാവ് സാബിറ അബ്ദുല്‍ ഖാദര്‍ (55) എന്നിവരാണ് മരിച്ചത്.
ഖത്തറില്‍ നിന്നും സഊദിയിലേക്ക് ഉംറക്കെത്തിയതായിരുന്നു പാലക്കാട് പത്തിരിപ്പാല സ്വദേശി തോട്ടത്തിപ്പറമ്പില്‍ ഫൈസല്‍ അബ്ദുല്‍ സലാമിന്റെ കുടുംബം. താഇഫിലേക്കെത്താന്‍ 73 കി.മീ ബാക്കി നില്‍ക്കെ അതീഫിനടുത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പുലര്‍ച്ച സുബഹിക്ക് നമസ്‌കാരത്തിനായി ഇവര്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതിന് ശേഷമുള്ള യാത്രയിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.
അപകടത്തില്‍ ഫൈസലിനും ഭാര്യ സുമയ്യക്കും സുമയ്യയുടെ പിതാവ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല. ഖത്തറിലെ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനാണ് അബ്ദുല്‍ സലാം.
താഇഫിലെ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇവിടെയാണ് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. നേരത്തെ മക്കയില്‍ ജോലി ചെയ്തിരുന്ന ഫൈസലിന്റെ സുഹൃത്തുക്കള്‍ താഇഫിലെത്തിയിട്ടുണ്ട്. ഫൈസലിന്റെ ഭാര്യാ സഹോദരന്‍ റിയാദില്‍ നിന്നും താഇഫിലേക്കെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. കെഎംസിസി നേതാവായ സാലിഹും സാമൂഹ്യ പ്രവര്‍ത്തകനായ പന്തളം ഷാജിയുമാണ് നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുള്ളത്.
Comments are closed for this post.