2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി: ഒടുവില്‍ സമീപന രേഖയുടെ കരടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍; ‘ലിംഗസമത്വ’ത്തിന് പകരം ‘ലിംഗനീതി’ എന്നാക്കി , ‘ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ഇരിപ്പിട’വും നീക്കി

തിരുവനന്തപുരം: ഒടുവില്‍ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചക്കുള്ള രേഖയില്‍നിന്ന് സ്‌കൂളുകളിലെ ആണ്‍പെണ്‍ വ്യത്യാസമില്ലാത്ത ഇരിപ്പിടം ഉള്‍പ്പെടെ വിവാദ ഭാഗങ്ങള്‍ നീക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ‘ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന ചര്‍ച്ചക്കുള്ള വിഷയ മേഖല ‘ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന രൂപത്തില്‍ ഭേദഗതി വരുത്തിയാണ് അന്തിമ രേഖ പ്രസിദ്ധീകരിച്ചത്.

‘ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ഇരിപ്പിടം എന്നതും പാഠ്യപദ്ധതി ചര്‍ച്ചാ രേഖയില്‍ നിന്ന് നീക്കിയിട്ടുണ്ട്.
പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം. ഇതിന്റെ 16ാമത്തെ അധ്യായത്തിന്റെ തലക്കെട്ട് ‘ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്നായിരുന്നു. ഇതിലെ ഒന്നാമത്തെ ചര്‍ച്ചാ പോയിന്റും വിവാദമായിരുന്നു.

കരട് രേഖയില്‍ കരിക്കുലം കോര്‍ കമ്മിറ്റിയിലും എസ്.സി.ഇ.ആര്‍.ടി രൂപവത്കരിച്ച ഫോക്കസ് ഗ്രൂപ്പിലും നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തയാറാക്കിയ രേഖയില്‍നിന്നാണ് ഇരിപ്പിടത്തിലെ സമത്വം ഉള്‍പ്പെടെ ഒഴിവാക്കിയത്.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കായി തയാറാക്കിയ കരട് രേഖയില്‍ സ്‌കൂളുകളിലെ ഇരിപ്പിടത്തിലെ സമത്വവും ഉള്‍പ്പെടുത്തിയതിനെതിരെ വിവിധ സംഘടനകള്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്നിരുന്നു. ജെന്‍ഡര്‍ പാഠ്യപദ്ധതിയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമസ്ത, മുസ്‌ലിം ലീഗ് തുടങ്ങിയ സംഘടനകള്‍ ആശയപ്രചരണവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ആരംഭത്തില്‍തന്നെ വിവാദം ഉയര്‍ന്നത് വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കി. തുടര്‍ന്നാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ കരടില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്.

പാഠ്യപദ്ധതി, പാഠപുസ്തകം, വിദ്യാലയ അന്തരീക്ഷം, ബോധന രീതികള്‍ ഇവയാണ് ലിംഗനീതി വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രധാന ഉപാധികളെന്ന് ഭേദഗതി വരുത്തിയ രേഖയില്‍ പറയുന്നു. വിഷയത്തില്‍ എട്ട് പോയന്റുകളാണ് സമൂഹ ചര്‍ച്ചക്കായി ഉള്‍പ്പെടുത്തിയിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.