
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിനെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്.
കിഫ്ബിയുമായ ബന്ധപ്പെട്ട് തയ്യാറാക്കിയ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെയും വിവരമറിയിക്കാതെയുമാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സി.എ.ജി നിഗമനം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. കീഴ്വഴക്കം ലംഘിക്കുന്നതും ഭരണഘടനാ ലംഘനവുമാണ് പ്രമേയെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയാണിതെന്ന് വി.ഡി സതീശന് എം.എല്‍.എ പറഞ്ഞു. നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രമേയത്തില്‍ നിന്ന് പിന്മാറാന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും വി.ഡി സതീശന് പറഞ്ഞു.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും ആ നിലപാടിന് ഉദാഹരണമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രമേയമെന്നും എം.കെ മുനീര്‍ പറഞ്ഞു. എതിര്‍ത്ത് സംസാരിക്കുന്നവരെ നിഷ്കാസനം ചെയ്യുക എന്ന നിലപാടാണ് ഈ പ്രമേയത്തിലൂടെ ആവര്‍ത്തിക്കപ്പെട്ടത്. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും നിങ്ങള്‍ ഇല്ലാതെയായതെന്നും പ്രമേയത്തെ എതിര്‍ക്കുന്നതായും മുനീര്‍ സഭയില്‍ പറഞ്ഞു.
വിശദമായ ചര്‍ച്ചയ്ക്കു ശേഷം പ്രമേയം സഭ പാസ്സാക്കി.