2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

നിയമസഭയിൽ വേണ്ടത് സംവാദ അന്തരീക്ഷം


സമീപകാല ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതവും അസാധാരണവുമായ നടപടികൾക്കു സാക്ഷ്യംവഹിച്ച സഭാസമ്മേളനത്തിനാണ് ഇന്നലെ തിരശീല വീണത്. മുൻ നിശ്ചയിച്ചപ്രകാരം ഈ മാസം 30 വരെ നടക്കേണ്ടിയിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തിൻ്റെ പേരിൽ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇത് ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം തേടിയുള്ള ചർച്ചയ്ക്കും സംവാദത്തിനും വേദിയാകേണ്ട നിയമസഭ കഴിഞ്ഞ കുറെ ദിവസങ്ങളായി ബഹളത്തിലും സംഘർഷത്തിലും മുങ്ങി അലങ്കോലപ്പെട്ടിരിക്കുകയായിരുന്നു.


സഭയിൽ പ്രതിപക്ഷ-ഭരണപക്ഷ പോര് ആദ്യ സംഭവമൊന്നുമല്ല. സർക്കാരിന്റെ വീഴ്ചകളും ജനകീയ പ്രശ്‌നങ്ങളും അടിയന്തര പ്രമേയമായും മറ്റും അവതരിപ്പിച്ച് പരിഹാരം കണ്ടെത്തുക തന്നെയാണ് പ്രതിപക്ഷ ദൗത്യം. മാറിവന്ന പ്രതിപക്ഷങ്ങളും ജനകീയവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ തങ്ങളുടെ നിലപാടിലുറച്ചു വീറുംവാശിയും സഭയിൽ പ്രകടിപ്പിക്കാറുമുണ്ട്. ഇതിന്റെയൊക്കെ ഗുണഫലങ്ങൾ നമ്മുടെ ജനാധിപത്യത്തിനും ജനങ്ങൾക്കും അനുഭവിക്കാനുമായിട്ടുമുണ്ട്. എന്നാൽ അടിയന്തര പ്രമേയങ്ങൾക്ക് തുടർച്ചയായി അനുമതി നിഷേധിച്ചപ്പോൾ ഉയർന്ന പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് പരിഹാരം കാണുകയെന്ന ഭരണപക്ഷ കടമയാണ് കേരള നിയമസഭയിൽ നിറവേറ്റപ്പെടാതെ പോയത്. പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട് സഭ നടത്തിക്കൊണ്ടുപോകേണ്ട ഭരണപക്ഷവും അതിന് നേതൃത്വം നൽകേണ്ട മുഖ്യമന്ത്രിയും സ്പീക്കറും സ്വീകരിച്ച ഏകാധിപത്യ നിലപാടുകളാണ് സഭ വെട്ടിച്ചുരുക്കി പിരിയേണ്ട സാഹചര്യത്തിലെത്തിച്ചത്.

 

എട്ട് അടിയന്തര പ്രമേയത്തിനുള്ള നോട്ടിസിനാണ് ഈ സമ്മേളനത്തിൽ സ്പീക്കർ അനുമതി നിഷേധിച്ചത്. അടിയന്തര പ്രമേയങ്ങളെ ഇത്രമേൽ ഭയക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തെ തള്ളാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ട അടിയന്തര പ്രമേയ നോട്ടിസുകളും ചോദ്യങ്ങളും ആസൂത്രിതമായി ഒഴിവാക്കുന്നതിനുള്ള നീക്കമാണ് കുറച്ചു ദിവസങ്ങളായി സഭയിൽ അരങ്ങേറിയത്. ഇതിൽ സ്പീക്കറും പങ്കാളിയായി എന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിഷേധ ശബ്ദങ്ങളെ പാർട്ടി നേതാവിന്റെ ശരീരഭാഷയിൽ അടിച്ചമർത്താൻ സ്പീക്കർ കൂട്ടുനിന്നത് ദൗർഭാഗ്യകരമാണ്. നിഷ്പക്ഷനായിരിക്കുമെന്ന് സ്പീക്കർ സ്ഥാനമേറ്റയുടൻ വാചാലനായ ഷംസീറാണ് സഭയ്ക്കുള്ളിൽ ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായ നടപടികൾ സ്വീകരിച്ചത്.


പുതുവർഷത്തിൽ എട്ടാം സമ്മേളനം നടക്കുമോയെന്ന ആശങ്കയിൽ നിന്നാണ് സഭാസമ്മേളനത്തിന് തുടക്കമായത്. വി.സി പ്രശ്‌നത്തിൽ ഗവർണറുമായി പോരടിച്ചുനിന്ന സർക്കാർ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ ഡിസംബറിൽ ചേർന്ന സഭ തുടരാൻ ആദ്യം തീരുമാനമെടുത്തു. എന്നാൽ മഞ്ഞുരുകി ഗവർണർ വെടിനിർത്തലിനു തയാറായതോടെ നയപ്രഖ്യാപന പ്രസംഗം മുറപോലെ നടന്നു. ലൈഫ് മിഷൻ കേസ് അടിയന്തര പ്രമേയമായി അവതരിപ്പിച്ച് കോൺഗ്രസിലെ മാത്യു കുഴൽനാടൻ സഭയിൽ വെടിപൊട്ടിച്ചപ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണംവിട്ടത്. ഇതോടെ അടിയന്തര പ്രമേയങ്ങൾക്ക് സർക്കാർ പിടിയിടുന്ന കാഴ്ചയാണ് തുടർദിവസങ്ങളിൽ സഭ സാക്ഷ്യംവഹിച്ചത്. ഭരണപക്ഷം പോലും നിലമറന്ന് ബഹളമുണ്ടാക്കി സഭാ നടപടികൾ അലങ്കോലപ്പെടുത്തുന്ന രംഗങ്ങൾക്കും ഈ സഭാസമ്മേളനം സാക്ഷിയായി. ആദ്യമൊക്കെ സ്പീക്കറുടെ മുഖം നോക്കതെയുള്ള റൂളിങ് വന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മാറി.


അടിയന്തര പ്രമേയങ്ങൾ തുടർച്ചയായി നിഷേധിച്ചതോടെ സ്പീക്കറെ സർക്കാർ നിയന്ത്രിച്ച് അവകാശം ലംഘിക്കുന്നതായി പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തി. നിയമസഭയുടെ നടുത്തളത്തിൽ സമാന്തര സമ്മേളനം വരെ നടത്തി പ്രതിപക്ഷം പ്രതിഷേധമറിയിച്ചു. ഇത് കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രിക്കോ ഭരണപക്ഷത്തിനോ കുലുക്കമുണ്ടായില്ല. സ്പീക്കറുടെ ഓഫിസിന് സമീപത്തെ സമരത്തോടെയാണ് കാര്യങ്ങൾ കൈവിട്ടത്. എന്നാൽ സംഘർഷത്തിന്റെ പേരിൽ പ്രതിപക്ഷ എം.എൽ.എമാർക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തും രണ്ടു ഭരണപക്ഷ എം.എൽ.എമാർക്കെതിരേ ജാമ്യം ലഭിക്കുന്ന വകുപ്പിൽ കേസെടുത്തും സർക്കാർ ഇരട്ടമുഖം പ്രകടിപ്പിച്ചു. ചർച്ചയില്ലെന്ന നിലപാട് മുഖ്യമന്ത്രി മാറ്റാത്തത് സഭാസമ്മേളനത്തെ കാറ്റും കോളും നിറഞ്ഞതുതന്നെയാക്കി.

 

ചട്ടം 50 പ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്ത നിലപാടിലും പ്രതിപക്ഷ എം.എൽ.എമാർക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തതിലും പ്രതിഷേധിച്ച് സഭാതലത്തിലെ അഞ്ച് എം.എൽ.എമാരുടെ സത്യഗ്രഹത്തോടെയാണ് ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കംകുറിച്ചത്. സത്യഗ്രഹം തുടരുമ്പോഴും സ്പീക്കർ ചോദ്യോത്തരവേള തുടരാൻ തീരുമാനിച്ചതോടെ പ്രതിപക്ഷ എം.എൽ.എമാർ കൂട്ടത്തോടെ നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധം ആരംഭിച്ചു. എന്നാൽ അഞ്ച് മിനിട്ട് ശേഷിക്കെ ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കർ അടിയന്തര പ്രമേയ നോട്ടിസ് ഒഴിവാക്കി സബ്മിഷനും പ്രമേയങ്ങളും മേശപ്പുറത്ത് വയ്ക്കാൻ മന്ത്രിമാരോട് നിർദേശിക്കുയായിരുന്നു. സഭ മാർച്ച് 30 വരെ തുടരണമെന്ന കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്ത് സമ്മേളനം അവസാനിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയമായി അവതരിപ്പിച്ചു. പിന്നീട് വരുംദിവസങ്ങളിൽ പരിഗണിക്കേണ്ട ധനാഭ്യർഥന പ്രമേയങ്ങളും പൊതുജനാരോഗ്യ ബിൽ ഉൾപ്പെടെയുള്ള നിയമങ്ങൾ അതിവേഗം പാസാക്കി നിയമസഭ പിരിഞ്ഞു. ചർച്ചകളോടെ പാസാക്കേണ്ട പ്രധാനപ്പെട്ട പൊതുജനാരോഗ്യ ബില്ലാണ് ഏകപക്ഷീയമായി മിനിറ്റുകൾക്കുള്ളിൽ പാസാക്കിയത്.


അങ്ങോട്ടു പറയുന്നതു മാത്രം കേൾക്കൂ എന്നു പറയുന്നത് ജനാധിപത്യ മര്യാദയല്ല, സഭയിലാണെങ്കിലും പുറത്താണെങ്കിലും. എന്നാൽ ഇതാണ് കുറച്ചുദിവസമായി നിയമസഭയിൽ കണ്ടത്. സഭ പിരിഞ്ഞെങ്കിലും പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങളും ആക്ഷേപങ്ങളും അവശേഷിക്കുകയാണെന്ന് ഭരണപക്ഷം മറക്കരുത്. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം ജനാധിപത്യത്തിന് മേൽ ഏൽപ്പിച്ച കളങ്കത്തിന് ആരൊക്കെയാണ് ഉത്തരവാദികളെന്ന പരിശോധന കാലം ആവശ്യപ്പെടുമെന്ന് ഓർമിക്കുന്നതും നല്ലതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.