2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ഒന്നുകില്‍ വിഢികളായി നോക്കി നിന്ന് അവരെ കളിക്കാന്‍ വിടുക, അല്ലെങ്കില്‍ കളി നമ്മുടേതാക്കുക’ സഹതാരങ്ങളെ ഉണര്‍ത്തി ഫൈനലിനെ പോരാട്ടമാക്കിയ എംബാപെയുടെ വാക്കുകള്‍

ഇടവേളയ്ക്ക് പിരിഞ്ഞ സമയത്ത് ഡ്രസിങ്ങ് റൂമില്‍ വെച്ച് സഹതാരങ്ങളെ അഭിസംബോധന ചെയ്ത് എംബാപെ പറഞ്ഞ വാക്കുകള്‍ വൈറല്‍

പാരീസ്: ‘ഒന്നുകില്‍ വിഢികളെ പോലെ അവരുടെ കളിക്ക് നിന്നു കൊടുക്കുക . അല്ലെങ്കില്‍ കളി നമ്മുടേതാക്കുക’ ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ ശൂന്യരായി നില്‍ക്കുന്ന സ്വന്തം ടീമിനോട് ലോകം കണ്ട എക്കാലത്തേയും മികച്ച കളിക്കാരിലൊരാളായ എംബാപെ പറഞ്ഞ വാക്കുകളാണിത്. അതും ആദ്യ പകുതി കഴിഞ്ഞ ഇടവേളയില്‍. ഫൈനലിലെ എതിരാളികളായ അര്‍ജന്റീന രണ്ടു ഗോളുകള്‍ നേടി കത്തിക്കയറി നിന്ന സമയമായിരുന്നു അത്.

ഇടവേളയ്ക്ക് പിരിഞ്ഞ സമയത്ത് ഡ്രസിങ്ങ് റൂമില്‍ വെച്ചാണ് എംബാപെ സഹതാരങ്ങളെ ഉണര്‍ത്തിയത്.

‘ഇനിയെന്ത് സംഭവിച്ചാലും ഇതിലും മോശമായി നമുക്ക് കളിക്കാനാകില്ല. ഇതൊരു ലോകകപ്പ് ഫൈനലാണ്. ജീവിതത്തിലെ ഏറ്റവും വലിയ മത്സരം. നമ്മള്‍ കളത്തിലേക്ക് വീണ്ടും ഇറങ്ങുകയാണ്. ഒന്നുകില്‍ അവരുടെ കളിക്ക് വിഢികളേപ്പോലെ നിന്നു കൊടുക്കുക. അല്ലെങ്കില്‍ ആഞ്ഞ് ശ്രമിക്കുക. നമുക്ക് കളി തിരിച്ചുപിടിക്കാനാകും. സുഹൃത്തുക്കളെ, നാല് വര്‍ഷത്തിലൊരിക്കലാണ് ഇത് സംഭവിക്കുന്നത്,’ എംബാപെ പറഞ്ഞു.

കളിയും. റഷ്യയിലെ ലോകചാംപ്യന്‍മാരെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ആദ്യ പകുതിയില്‍ അര്‍ജന്റീന പുറത്തെടുത്തത്. 23ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മെസ്സി ലീഡെടുത്തു. ഫൈനലുകളിലെ പതിവ് പ്രകടനം ആവര്‍ത്തിച്ച് ഏയ്ഞ്ചല്‍ ഡി മരിയ 36ാം മിനുറ്റില്‍ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി കഴിഞ്ഞ് ഇടവേളയ്ക്ക് പിരിയുമ്പോള്‍ ടാര്‍ഗറ്റില്‍ ഒരു ഷോട്ട് പോലും എത്തിക്കാനാകാത്ത അവസ്ഥയിലായിരുന്നു ഫ്രാന്‍സ്.പിന്നീട് രണ്ടാം പകുതിയില്‍ കഥമാറി. ഡ്രസിങ് റൂമില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം എംബപ്പെ കളിക്കളത്തിലും പുറത്തെടുത്തു.

കിങ്സ്ലി കോമാനും കമവിംഗയും പകരമിറങ്ങിയ രണ്ടാം പകുതിയിലാണ് ഫ്രാന്‍സ് താളം വീണ്ടെടുത്ത് ആക്രമിച്ച് തുടങ്ങിയത്. 80ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ എംബാപെ ആദ്യ ഗോള്‍ നേടി. തൊട്ടടുത്ത മിനുറ്റില്‍ മറ്റൊരു മനോഹര ഗോള്‍. അധിക സമയത്ത് മെസ്സി നേടിയ ലീഡിനും എംബപ്പെ 118ാം മിനുറ്റില്‍ മറുപടി നല്‍കി. ഷൂട്ടൗട്ടില്‍ ലോക കീരീടം നഷ്ടമായെങ്കിലും ഹാട്രിക് നേടി ടീമിന് പരമാവധി നല്‍കി എംബാപെ തിളങ്ങി. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുക്കാനെത്തിയ എംബപെ എമിലിയാനോ മാര്‍ട്ടിനെസിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.

കിരീട നേട്ടത്തിന് ശേഷം അര്‍ജന്റൈന്‍ താരങ്ങള്‍ എംബപ്പയെ പരിഹസിച്ചത് വിവാദമായ സമയത്താണ് ഈ വീഡിയോ വൈറലായിരിക്കുന്നത്. ഡ്രസിങ്ങ് റൂമിലെ ആഘോളവേഷയില്‍ ഗോള്‍ കീപ്പര്‍ മാര്‍ട്ടിനെസ് ‘എംബാപെയ്ക്ക് വേണ്ടി ഒരു നിമിഷം നിശ്ശബ്ദനാകാം’ എന്ന് പാട്ട് പാടിയതു തന്നെ ഏറെ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. പിന്നാലെയാണ് നാട്ടില്‍ തിരികെയെത്തിയ ശേഷമുള്ള ബേബി ഡോള്‍. എംബാപെയുടെ മുഖത്തിന്റെ ചിത്രം വെട്ടിയൊട്ടിച്ച ഡോള്‍ ഉയര്ത്തി മാര്‍ട്ടിനസ് കോക്രി കാട്ടുമ്പോള്‍ ക്യാപ്റ്റന്‍ മെസ്സി തൊട്ടടുത്തുണ്ടായിരുന്നു എന്നതാണ് വിമര്‍ശനത്തിന് ആക്കം കൂട്ടുന്നത്. മാര്‍ട്ടിനസിന്റെ ചെയ്തിക്കു നേരെയുള്ള മെസ്സിയുടെ മൗനം അങ്ങേഅറ്റം നൊമ്പരമുളവാക്കുന്നുവെന്നുവെന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ഉള്‍പെടെ വ്യക്തമാക്കുന്നു.

ഫൈനലിന് മുന്നേ തന്നെ എംബാപെയ്‌ക്കെതിരെ മാര്‍ട്ടിനെസ് രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിന്റെ അത്ര മികവിലേക്ക് ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് ഉയരാനായിട്ടില്ലെന്ന എംബാപെയുടെ പരാമര്‍ശമാണ് മാര്‍ട്ടിനെസിനെ ചൊടിപ്പിച്ചത്. എംബാപെയെ തടയുമെന്നും തനിക്ക് ജീവനുണ്ടെങ്കില്‍ വല കുലുക്കാന്‍ ഫ്രാന്‍സിനെ അനുവദിക്കില്ലെന്നും ഫൈനലിന് മുന്നേ മാര്‍ട്ടിനെസ് വെല്ലുവിളിക്കുകയുണ്ടായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.