കൊച്ചി: തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് കെ.വി. തോമസ്. കോണ്‍ഗ്രസിനെ ബലഹീനമാക്കാനാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ശ്രമം. ഇങ്ങനെയൊരു നേതൃത്വം കേരളത്തില്‍ വേണോയെന്ന് കേന്ദ്ര നേതൃത്വം ആലോചിക്കണമെന്നും കെ.വി. തോമസ് പറഞ്ഞു.
തനിക്കെതിരെ ഒരു അച്ചടക്ക നടപടിയും ആരംഭിച്ചിട്ടില്ല. കാരണംകാണിക്കല്‍ നോട്ടിസ് മാത്രമേ തന്നിട്ടുള്ളൂ. ഇന്നലെ രാത്രി താന്‍ അതിന് ഇമെയില്‍ മറുപടി നല്‍കി. ഇന്ന് പോസ്റ്റല്‍ ആയി അയച്ചു. എന്നിട്ടും കോണ്‍ഗ്രസ് യോഗത്തിലേക്ക് എന്തുകൊണ്ടാണ് തന്നെ ക്ഷണിക്കാത്തത് ഇതേ സമീപനമാണ് സുധാകരന്‍ എടുത്തത്. താരിഖ് അന്‍വറുമായും കെ.സി. വേണുഗോപാലിനോടും സംസാരിച്ച ശേഷം കണ്ണൂര്‍ സെമിനാറില്‍ പോകുന്നില്ലെന്ന് അറിയിച്ചതാണ്. പിറ്റേ ദിവസം മുതല്‍ സുധാകരന്‍ തുടങ്ങി. എന്നെ പുറത്താക്കണമെന്ന ഒരു അജണ്ട ഇവിടെയുള്ളവര്‍ക്കുണ്ട്. അതിപ്പോള്‍ തുടങ്ങിയതല്ല. ഇതില്‍ എന്ത് രാഷ്ട്രീയ മര്യാദയാണുള്ളത് കെ.വി. തോമസ് ചോദിച്ചു.
തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ 2018 മുതല്‍ നീക്കം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഖദര്‍ ഇട്ടാല്‍ മാത്രം കോണ്‍ഗ്രസാവില്ല. സ്ഥാനമാനങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ ജനങ്ങള്‍ കൂടി തന്നതാണ്- കെ.വി തോമസ് പറഞ്ഞു.
കോണ്‍ഗ്രസിന് തനിച്ച് ബി.ജെ.പിയെ നേരിടാന്‍ കഴിയില്ല. 2024ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ സി.പി.എം ഉള്‍പ്പെടെയുള്ള കക്ഷികളെ യോജിപ്പിക്കണമെന്നും കെ.വി. തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കെ.വി. തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി. തോമസെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. കെ.വി. തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നും കിട്ടിയ അധികാരങ്ങള്‍ അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാകാമെന്നും സുധാകരന്‍ പരിഹസിച്ചു.
Comments are closed for this post.