കോഴിക്കോട്: സംസ്ഥാന കലോത്സവത്തിലെ ദൃശ്യാവിഷ്‌കാര വിവാദത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കെ.പി.എ മജീദ് എം.എല്‍.എ. ഇടത് അനുകൂല ചിന്താഗതിയുള്ളവരുണ്ടായിട്ടും സംഘപരിവാര്‍ അനുകൂലിയെ തന്നെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നതേല്‍പ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും സര്‍ക്കാര്‍ എത്രയും വേഗം വിഷയത്തില്‍ നടപടിയെടുക്കണമെന്നും മജീദ് പറഞ്ഞു.
‘കലോത്സവം പോലൊരു വേദിയില്‍ ഒരു പരിപാടി അവതരിപ്പിക്കുമ്പോള്‍ അത് നേരത്തേ കണ്ട് ബോധ്യപ്പെടാനുള്ള സംവിധാനമുണ്ട്. സംഘപരിവാര്‍ പ്രവര്‍ത്തനപരിചയമുള്ള ആളുകളെയാണ് ഇതേല്‍പ്പിച്ചത്. ഇടതുപക്ഷ ചിന്താഗതിയുള്ള എത്രയോ ആളുകളുണ്ടായിരുന്നു. സംഘപരിവാര്‍ അനുകൂലിക്ക് തന്നെ ഇത് കൊടുക്കണമായിരുന്നോ എന്നതാണ് ചോദ്യം. ഇതെവിടെയോ മനപ്പൂര്‍വമായി തന്നെ ചെയ്ത കാര്യമാണ്. സംഘാടകരുടെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ച സംഭവിച്ചു. ദൃശ്യാവിഷ്‌കാരം ഒരുക്കാന്‍ ആളുകളെ ഏല്‍പ്പിക്കുമ്പോള്‍ അവരുടെ ബാക്ക്ഗ്രൗണ്ട് പരിശോധിക്കേണ്ടത് ആവശ്യമല്ലേ. പിഞ്ചുകുട്ടികള്‍ക്കിടയില്‍ ഭീകരവാദമെന്നാല്‍ മുസ്‌ലിം എന്നാല്‍ ഭീകരവാദം എന്ന ആശയം പ്രചരിപ്പിക്കുന്നത് എത്ര ഭീകരമാണെന്ന് ആലോചിച്ചു നോക്കൂ. സര്‍ക്കാര്‍ എത്രയും പെട്ടന്ന് വിഷയത്തില്‍ നടപടിയെടുക്കേണ്ടതുണ്ട്’. മജീദ് പറഞ്ഞു.
നേരത്തേ സ്‌കൂള്‍ കലോത്സവത്തിലെ ദൃശ്യാവിഷ്‌കാര വിവാദം യാദൃശ്ചികമല്ലെന്നും ഇത് ജാഗ്രതക്കുറവായി തള്ളിക്കളയാനാവില്ലെന്നും കെ.പി.എ മജീദ് പ്രതികരിച്ചിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ദൃശ്യാവിഷ്‌കാരത്തില്‍ മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംഭവം വിവാദമായതിന് പിന്നാലെ വിഷയം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു
Comments are closed for this post.