2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വാദി പ്രതിയായെന്ന് വി.ഡി സതീശന്‍; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവന്തപുരം: കഴിഞ്ഞ ദിവസം പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി സ്പീക്കര്‍. വാദി പ്രതിയായെന്ന് വിഡി സതീശന്‍ പറഞ്ഞ് തുടങ്ങിയതിന് പിന്നാലെ ഷംസീര്‍ മൈക്ക് ഓഫാക്കുകയായിരുന്നു.

ബഹളത്തോടെയാണ് ഇന്നും സഭ ആരംഭിച്ചത്. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുത്തത് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സഭ നടപടികള്‍ വേഗത്തിലാക്കി. ചോദ്യോത്തരവേള റദ്ദാക്കി. ഒമ്പതു മിനുട്ട് ചേര്‍ന്ന സഭ ഇന്നും പിരിഞ്ഞു.

നിയമസഭ മന്ദിരത്തിലെ സ്പീക്കറുടെ ഓഫിസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചാലക്കുടി എം.എല്‍.എ സനീഷിന്റെ പരാതിയിലാണ് ഒരു കേസ്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.

   

റോജി എം. ജോണ്‍, ഉമ തോമസ്, കെ.കെ രമ, പി.കെ ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്ണന്‍, അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ്. ഭരണപക്ഷ എം.എല്‍.എമാരായ എച്ച്.സലാമിനും സച്ചിന്‍ദേവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സനീഷിന്റെ മൊഴിയെടുത്താണ് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്. ഇവര്‍ക്കെതിരെ ജാമ്യം ലഭി ക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മര്‍ദ്ദിക്കുക, പരിക്കേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

അതേസമയം വനിത വാച്ച് ആന്റ് വാര്‍ഡന്‍ നല്‍കിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചീഫ് മാര്‍ഷന്‍ ഓഫിസില്‍ നിന്ന് സ്പീക്കറുടെ ഓഫിസിലേക്ക് പോകുമ്പോള്‍ തന്നെയും ചീഫ് മാര്‍ഷലിനെയും പ്രതിപക്ഷ എം.എല്‍.എമാര്‍ അസഭ്യം വിളിച്ച് ആക്രമിച്ചതായി വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, പരിക്കേല്‍പ്പിക്കല്‍, ഭീഷണി, സംഘം ചേര്‍ന്നുള്ള ആക്രമണം എന്നിവയാണ് വകുപ്പുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.