ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ജനങ്ങള്‍ അടക്കരുതെന്ന് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അധിക നികുതി അടക്കാത്തവര്‍ക്കെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
നികുതി വര്‍ധന പിടിവാശിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്ക് മുമ്പില്‍ സംസ്ഥാനത്തെ തളച്ചിട്ടു. മുഖ്യമന്ത്രി പിടിവാശി ഭൂഷണമാക്കരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
കെ. റെയില്‍, വക്കഫ് ബോര്‍ഡ് നിയമനം അടക്കമുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് ജനങ്ങളെ അണിനിരത്തി നടത്തിയ വമ്പിച്ച പ്രക്ഷോഭങ്ങളാണ് ഏകാധിപതിയെ മുട്ടുകുത്തിക്കാന്‍ സാധിച്ചത്. ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച നികുതി ഭാരങ്ങള്‍ പിണറായി വിജയന് പിന്‍വലിക്കേണ്ടി വരും.
ശക്തമായ പ്രക്ഷോഭങ്ങളുമായി യു.ഡി.എഫ് മുന്‍പോട്ടു പോകും. ലക്ഷ്യം കാണുന്നതു വരെ കോണ്‍ഗ്രസും യു.ഡി.എഫും സമര രംഗത്ത് ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
Comments are closed for this post.