2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിവാദങ്ങള്‍ക്കിടെ സംവാദവുമായി മുന്നോട്ടു പോകാന്‍ കെ.റെയില്‍; എതിര്‍ പാനലില്‍ ആര്‍.വി.ജി മേനോന്‍ മാത്രം

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ നാളത്തെ സംവാദവുമായി മുന്നോട്ട് പോകാന്‍ കെ റെയില്‍ തീരുമാനം. സംവാദത്തില്‍ നിന്ന് പിന്‍മാറിയ അലോക് കുമാര്‍ വര്‍മയ്ക്കും ആര്‍. ശ്രീധറിനും പകരക്കാരെ നിശ്ചയിക്കില്ല. എതിര്‍ക്കുന്ന പാനലില്‍ ഇനി ആര്‍ വി ജി മേനോന്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതോടെ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിര്‍പക്ഷത്ത് നിന്ന് ഒരാളുമാണ് സംവാദത്തില്‍ പങ്കെടുക്കുക .

റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് കുമാര്‍ ജയിന്‍,കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്റ് ഇന്‍സട്രി പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പദ്ധതിയെ അനുകൂലിച്ചും ആര്‍.വി.ജി മേനോന്‍ പ്രതികൂലിച്ചും സംസാരിക്കും. പിന്‍മാറിയവര്‍ക്ക് പകരക്കാരെ നിശ്ചയിക്കാത്തത് ആവശ്യമായ സമയം ഇല്ലാത്തതിനാലാണെന്നാണ് കെ റെയില്‍ വിശദീകരണം.

സംവാദത്തില്‍ നിന്നും പാനല്‍ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. സംവാദം നടത്തേണ്ടത് കെറെയില്‍ അല്ല സര്‍ക്കാരാണെന്ന് അലോക് വര്‍മ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വര്‍മയ്ക്ക് അതൃപ്തിയുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലായെന്ന് വ്യക്തമാക്കി അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചു. ആദ്യ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കാത്തതില്‍ പ്രതിഷേധവും അറിയിച്ചു. സംവാദത്തില്‍ നിന്നും ആര്‍ ശ്രീധറും പിന്മാറിയതായി അറിയിച്ചിരുന്നു. അതേസമയം, അഭിപ്രായം അറിയിക്കാനുള്ള വേദിയെന്ന നിലയില്‍ സംവാദത്തെ ഉപയോഗപ്പെടുത്തുമെന്നാണ് ആര്‍.വി.ജി മേനോന്‍ പറഞ്ഞത്.

   

വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ താജ് വിവാന്തയിലാണ് സംവാദം നിശ്ചയിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.