2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഹിജാബ് ഇസ്‌ലാമിന്റെ അവിഭാജ്യഘടകമാണോ എന്നത് കേസില്‍ പരിഗണനാര്‍ഹമല്ല; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണ് എന്റെ മുന്നിലുള്ളത്’ ജസ്റ്റിസ് സുധാംശു ദുലിയ വിധിയില്‍ പറഞ്ഞത്…


ഒരാള്‍ ഹിജാബ് ധരിക്കുന്നത് മറ്റൊരാളുടെ മൗലികാവകാശം ധ്വംസിക്കുന്നില്ല

   

ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി വിധിയെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു ഹരജികള്‍ പരിഗണിച്ച രണ്ടംഗ സുപ്രിം കോടതി ബെഞ്ചിലെ സുധാന്‍ശു ദുലിയയുടെ വിധി പ്രസ്താവം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണ് തന്റെ മുന്നിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യക്തികളുടെ തെരഞ്ഞെടുപ്പിന്റെ മാത്രം വിഷയമാണ് ഹിജാബെന്ന് ഹൈക്കോടതി വിധി തള്ളിക്കൊണ്ട് ജസ്റ്റിസ് സുധാംശു ദുലിയ പറഞ്ഞു. ഹൈക്കോടതി തെറ്റായ വഴിയാണ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിജാബ് ഇസ്‌ലാമിന്റെ അവിഭാജ്യഘടകമാണോ എന്ന ചോദ്യത്തിലേക്ക് ഹൈക്കോടതി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഹിജാബ് മതപരമായി അനിവാര്യമാണോയെന്നത് ഈ തര്‍ക്കത്തില്‍ പ്രസക്തമല്ല. ഹിജാബ് ധരിക്കുന്നത് പ്രീഡം ഓഫ് എക്‌സ്പ്രഷന്‍ ആയി കണ്ടാല്‍ മതി. ഇത് മറ്റൊരാളുടെ മൗലാകാവകാശം ധ്വംസിക്കുന്നില്ല. അതിലെല്ലാമുപരി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണ് എന്റെ മുന്നില്‍ ഏറ്റവും പ്രാധാന്യത്തോടെ വരുന്നത്. നമ്മള്‍ അവരുടെ ജീവിതം മികച്ചതാക്കുകയാണോ ചെയ്യുന്നത്? അക്കാര്യമാണ് എന്റെ മനസിലുള്ള ചോദ്യം ജസ്റ്റിസ് സുധാന്‍ശു ദുലിയ പറഞ്ഞു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹരജികളില്‍ ഭിന്ന വിധിയുമായണ് സുപ്രിം കോടതി ബെഞ്ച് പുറപ്പെടുവിച്ചത്. ഹരജി പരിഗണിച്ച സുപ്രിംകോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും പ്രത്യേകം വിധി പറയുകയായിരുന്നു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതി വിധി ശരിവെച്ചപ്പോള്‍ ജസ്റ്റിസ് സുധാംശു ദുലിയ ഹൈക്കോടതി വിധി റദ്ദാക്കി. ഇതോടെ ഹരജികള്‍ വിശാല ബെഞ്ചിന് വിടുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 15ന് ഹിജാബ് വിലക്കിനെതിരായ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.

ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും യൂനിഫോം നിര്‍ബന്ധമാക്കിയത് മൗലികാവകാശലംഘനമല്ലെന്നുമായിരുന്നു കര്‍ണാടക ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈക്കോടതി വിശാല ബെഞ്ചിന്റെ വിധി.

ഹിജാബ് മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജിലെയും കുന്ദാപുര ഭണ്ഡാര്‍കര്‍ കോളജിലെയും വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികളാണ് അന്ന് ഹൈക്കോടതി തള്ളിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.