
കൊച്ചി: കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി സർവേ റിപ്പോർട്ട്. 2018നും 2022നും ഇടയിൽ കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ചേർന്ന 6-14 വയസുവരെയുള്ള കുട്ടികളുടെ അനുപാതത്തിൽ 16.6 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അതേസമയം, പണംമുടക്കി ട്യൂഷനു പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2018ൽ 23 ശതമാനത്തിലധികം കുട്ടികൾ ഇത്തരത്തിൽ ട്യൂഷനു പോയിരുന്നെങ്കിൽ 2022ൽ ഇത് 21.6 ശതമാനമായി കുറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പണമടച്ച് ട്യൂഷനു പോകുന്ന വിദ്യാർഥകളുടെ എണ്ണം ഒമ്പത് ശതമാനത്തോളം വർധിച്ചതയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രൈമറി ക്ലാസുകളിലെ കുട്ടികളിൽ വായനാശീലം കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഗണിതം പഠിക്കാൻ കുട്ടികൾ മികവു കാട്ടുന്നില്ലെന്നും സർവേ വ്യക്തമാക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ച് പഠിക്കുന്നതിന് പ്രഥം എജ്യുക്കേഷൻ ഫൗണ്ടേഷൻ രാജ്യവ്യാപകമായി നടത്തിയ ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ 19,060 ഗ്രാമങ്ങളിലെ മൂന്ന് മുതൽ 16 വയസ് വരെയുള്ള കുട്ടികളുള്ള 3,74,544 വീടുകളിലും 6,99,597 കുട്ടികളിലുമായി നടത്തിയ സർവേയുടെ റിപ്പോർട്ട് ഇന്നലെ പ്രഥം പ്രസിദ്ധപ്പെടുത്തി. ഡൽഹിയിൽ ഫൗണ്ടേഷൻ ചെയർമാൻ അജയ് പിരമൽ റിപ്പോർട്ട് പ്രകാശനം ചെയ്തു. സമാനമായിട്ടുള്ള സംസ്ഥാന റിപ്പോർട്ട് ഇന്നലെ എറണാകുളം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിദ്ധപ്പെടുത്തി. എയ്സർ പ്രതിനിധികളായ നിക്സൺ, ജോബിൻ പി. ജോയി പങ്കെടുത്തു.
Comments are closed for this post.