2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ബ്രിട്ടീഷ് മേധാവിയെ വകവരുത്തിയ മഞ്ചേരി യുദ്ധത്തിന് 172 ആണ്ട്


മാപ്പിള പോരാട്ടത്തിന്റെ നേര്‍സാക്ഷ്യമായി ബ്രിട്ടീഷ് സൈന്യാധിപന്റെ ശവകുടീരം. ഹസന്‍ മൊയ്തീന്‍ കുരിക്കളുടെ നേതൃത്വത്തിലുള്ള പോരാളികളാണ് 1849 ല്‍ എന്‍സണ്‍ വൈസിനെ കൊലപ്പെടുത്തിയത്.

 

എന്‍.സി ഷെരീഫ്

മഞ്ചേരി: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ വൈദേശിക ആധിപത്യത്തിനെതിരെ മാപ്പിളമാര്‍ നടത്തിയ വീറുറ്റ സമരത്തിന്റെ അടയാളങ്ങള്‍ ഏറനാട്ടില്‍ ഇന്നും അവശേഷിക്കുന്നുണ്ട്. 1849 ഓഗസ്റ്റില്‍ നടന്ന മഞ്ചേരി യുദ്ധത്തില്‍ ബ്രിട്ടീഷ് മേധാവിയെ വകവരുത്തിയതിലൂടെ മാപ്പിളമാരുടെ പോരാട്ടവീര്യമാണ് ചരിത്രത്തില്‍ ഇടംനേടിയത്.

മഞ്ചേരി ഗവ.ബോയ്സ് ഹൈസ്‌കൂള്‍ മുറ്റത്തുള്ള എന്‍സണ്‍ വൈസിന്റെ ശവകുടീരത്തിന് 172 വര്‍ഷം പഴക്കമുണ്ട്. 1836 ല്‍ തുടക്കം കുറിച്ച മാപ്പിള സമരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തത് മഞ്ചേരിയിലെ സംഭവത്തിലായിരുന്നു. ഹസന്‍ മൊയ്തീന്‍ കുരിക്കളും കുഞ്ഞിക്കോയ തങ്ങളുമായിരുന്നു നേതൃത്വം നല്‍കിയത്. മഞ്ചേരി യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന് പല തവണ സമരക്കാര്‍ക്ക് മുന്നില്‍ തോല്‍ക്കേണ്ടി വന്നു. ജനപ്രിയനായിരുന്ന ഹസന്‍ മൊയ്തീന്‍ കുരിക്കളുടെ വീട്ടുവീഴ്ചയില്ലാത്ത ബ്രിട്ടീഷ് വിരോധമായിരുന്നു മഞ്ചേരി യുദ്ധത്തിലേക്ക് വഴിവെച്ചത്.

ബ്രിട്ടീഷ് പട്ടാളത്തിന്റെ ഒത്താശയോടെ കൈക്കൂലിയും അഴിമതിയും അധിക നികുതിയും ചുമത്തിയിരുന്ന റവന്യൂ ഉദ്യേഗസ്ഥര്‍ക്കെതിരെയും അക്രമകാരികളായിരുന്ന ജന്മിമാര്‍ക്കെതിരെയും ഹസന്‍ മൊയ്തീന്‍ കുരിക്കള്‍ ധീരമായി നിലകൊണ്ടു. ഇത് കുരിക്കള്‍ക്കെതിരെ പടനയിക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. കുരിക്കളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പന്തല്ലൂര്‍ പേഷ്‌കാറെ ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ഇവരുടെ അന്വേഷണത്തില്‍ സമാധാന ലംഘകരുടെ കൂട്ടത്തില്‍ ഹസന്‍ മൊയ്തീന്‍ കുരിക്കളെ ഉള്‍പെടുത്താനാവില്ലെന്ന് കണ്ടെത്തി. എന്നാല്‍ ഉദ്യോഗസ്ഥരും ജന്മിമാരും പേഷ്‌കാറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചില്ല. അവര്‍ കുരിക്കള്‍ക്കെതിരെയുള്ള അക്രമം ശക്തമാക്കി. ആയുധ പരിശീലനവും പ്രസംഗങ്ങളും വിലക്കി. തുടരെയുള്ള പീഢനത്തിനൊടുവില്‍ പേഷ്‌കാറുടെ മുന്‍പില്‍ ഹാജറാവാന്‍ കുരിക്കളോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇതോടെ കുരിക്കളുടെ പേരില്‍ കവര്‍ച്ച, വീടുകയറി അക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി കേസെടുത്തു. വൃദ്ധനായ പിതാവിനെ അറസ്റ്റ് ചെയ്തു. കുരിക്കളെ അറസ്റ്റ് ചെയ്യാനും ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചു. കൂടുതല്‍ നടപടികളിലേക്ക് ബ്രിട്ടീഷുകാര്‍ കടന്നതോടെ സമരം ശക്തമാക്കാനും മരിക്കുവോളം പട്ടാളത്തോട് ഏറ്റുമുട്ടാനും കുരിക്കള്‍ തീരുമാനിച്ചു. ഇതോടെ മമ്പുറം ഹസന്‍ തങ്ങളുടെ പൗത്രന്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കുരിക്കള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. മഞ്ചേരി യുദ്ധത്തിന്റെ അലയൊലികള്‍ 1849 ഓഗസ്റ്റ് ആദ്യത്തില്‍ തന്നെ തുടങ്ങിയെങ്കിലും 26ന് സംഘം പാണ്ടിക്കാട് വഴി മഞ്ചേരിയിലേക്ക് തിരിക്കുന്നതോടെയാണ് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തുന്നത്. മാപ്പിളമാരുമായി ഏറ്റുമുട്ടാന്‍ ഓഗസ്റ്റ് 28ന് ഇന്ത്യക്കാരടങ്ങുന്ന സൈന്യവുമായി ബ്രിട്ടീഷ് പട്ടാളമെത്തി. എന്‍സണ്‍ വൈസായിരുന്നു സൈന്യാധിപന്‍. പോരാട്ടവീര്യവുമായി രംഗത്തിറങ്ങിയ മാപ്പിളമാരെ കണ്ട് ബ്രിട്ടീഷ് സൈന്യം പിന്തിരിഞ്ഞോടി. എന്‍സണ്‍ വൈസും മറ്റു നാലു പേരും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മാപ്പിളമാര്‍ അവരെ വകവരുത്തി.

ബ്രിട്ടീഷ് സൈന്യത്തിന് നാണക്കേടുണ്ടാക്കിയ സമരമായിരുന്നു ഇത്. അടങ്ങാത്ത ബ്രിട്ടീഷ് വിരോധം ആളിക്കത്തിച്ച് ധീരമായ ചെറുത്തുനില്‍പ്പ് നടത്തിയ പോരാട്ടമായിരുന്നു മഞ്ചേരിയിലേത്. ചരിത്രം വലിയ പ്രാധാന്യം നല്‍കിയില്ലെങ്കിലും മാപ്പിള കരങ്ങളാല്‍ കൊല്ലപ്പെട്ട എന്‍സണ്‍ വൈസിന്റെ ശവകുടീരം പോരാട്ട വീര്യത്തിന്റെ ജീവിക്കുന്ന അടയാളമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.