പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പൊലിസ് വീണ്ടെടുത്തു. ശ്രീദേവി എന്ന അക്കൗണ്ടാണ് വീണ്ടെടുത്തത്. 2019 മുതല്‍ ഷാഫിയും ഭഗവല്‍ സിങ്ങും തമ്മില്‍ നടന്ന ചാറ്റുകള്‍ കണ്ടെത്തി. 150ഓളം വരുന്ന ചാറ്റ് പേജുകളാണ് കണ്ടെത്തിയത്. ഷാഫി മറ്റാരോടെങ്കിലും വ്യാജ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തിട്ടുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
ഒരു സിദ്ധനെ കണ്ടാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ഷാഫി ശ്രീദേവിയെന്ന വ്യാജ അക്കൌണ്ടിലൂടെ ഭഗവല്‍ സിങ്ങിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സിദ്ധനായി ഭഗവല്‍ സിങ്ങിനു മുന്‍പിലെത്തിയതും ഷാഫി തന്നെ. ഐശ്വര്യമുണ്ടാകാന്‍ നരബലി നടത്തിയാല്‍ മതിയെന്ന് ഭഗവല്‍ സിങ്ങിനോട് പറഞ്ഞു. ജൂണ്‍, സെപ്തംബര്‍ മസങ്ങളിലായി രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
മൂന്ന് ജില്ലകളിലെ തിരോധാന കേസുകള്‍ പൊലിസ് അന്വേഷിക്കും. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തിരോധാന കേസുകളാണ് അന്വേഷിക്കുന്നത്. ഇതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്.
അതിനിടെ മുഹമ്മദ് ഷാഫിക്ക് ലൈംഗിക വൈകൃതത്തിന് ചികിത്സ നല്‍കണമെന്ന് 2020ല്‍ പൊലിസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോലഞ്ചേരി പാങ്കോട് 74കാരിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പൊലിസ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കുന്നതെന്നും കേസ് അന്വേഷിച്ച പുത്തന്‍കുരിശ് എസ്.എച്ച്.ഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments are closed for this post.