കൊച്ചി: കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയില്‍ ഹൈക്കോടതിയുടെ പരിഹാസം. മഴപെയ്താല്‍ വെള്ളം കയറും,പുറത്തിറങ്ങിയാല്‍ പട്ടി കടിക്കുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഇത്തരം അപകടമുണ്ടാകുമെന്ന് നേരത്തെ ഭയപ്പെട്ടിരുന്നതായും കോടതി പറഞ്ഞു. റോഡിലെ കുഴി അടയ്ക്കാന്‍ ഇനിയും എത്ര പേര്‍ മരിക്കണമെന്നും കോടതി ചോദിച്ചു.
രണ്ടുമാസത്തിനിടെ എത്ര പേരാണ് റോഡിലെ കുഴിയില്‍ വീണ് മരിച്ചതെന്നും റോഡ് കുഴിയാക്കി ഇടാനാണെങ്കില്‍ എന്തിനാണ് നമുക്ക് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കോടതിയില്‍ ചോദിച്ചു. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ എഞ്ചിനീയര്‍ കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
എന്നാല്‍ ആലുവ-പെരുമ്പാവൂര്‍ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കുമെന്നും റോഡ് വീതികൂട്ടാന്‍ ഭൂമി ഏറ്റെടുക്കുന്നതിന് ജനങ്ങളുടെ എതിര്‍പ്പുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ആലുവയില്‍ റോഡിലെ കുഴിയില്‍ വീണതു മൂലമല്ല കുഞ്ഞുമുഹമ്മദ് മരിച്ചതെന്നും അദ്ദേഹത്തിന് ഷുഗര്‍ ലെവല്‍ താഴ്ന്നതാണ് ആശുപത്രിയിലാക്കാന്‍ കാരണമെന്ന് മകന്‍ പറഞ്ഞതായും സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ മരിച്ചയാളെ ഇനിയും അപമാനിക്കരുതെന്നായിരുന്നു കോടതിയുടെ പ്രതികരണം.
കൊച്ചിയിലെ വെള്ളക്കെട്ടിനെയും തെരുവുനായ ശല്യത്തെയും കോടതി വിമര്‍ശിച്ചു. കോര്‍പ്പറേഷന്റെ അനാസ്ഥയാണ് വെള്ളക്കെട്ടിന് കാരണം. അഴുക്കുചാലുകള്‍ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കണം. കോര്‍പ്പറേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാകണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
Comments are closed for this post.