കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കര്‍ണാടക തീരം മുതല്‍ കേരളതീരം വരെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ അടുത്ത മൂന്നു ദിവസം വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.
ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കക്കയം ഡാമില്‍ ജലനിരപ്പുയര്‍ന്നതായി അലര്‍ട്ട് നല്‍കി. എന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട നിലയിലേക്ക് ജലനിരപ്പുയര്‍ന്നിട്ടില്ല. പെരിങ്ങല്‍ക്കുത്ത് ഡാമിലാണ് ഷട്ടറുകള്‍ തുറക്കുന്നതായി മുന്നറിയിപ്പുള്ളത്.
പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ നിന്നും ഇന്നു രാവിലെ 11 മണി മുതല്‍ 200 ക്യുമെക്‌സ് വരെ ജലം, ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കും. പുഴയിലെ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചാലക്കുടിപ്പുഴയില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പുയരും.
അതേസമയം കോഴിക്കോട് കാവിലുംപാറയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. കാവിലുംപാറ പഞ്ചായത്തിലെ കല്ലുംപുറത്ത് കുന്നത്തടത്തിലെ കാലായിപുഴക്കല്‍ കല്യാണിയുടെ വീടാണ് തകര്‍ന്നത്. വിസ്മയ, ഫാത്തിമ എന്നീ രണ്ട് കുട്ടികള്‍ക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം.
Comments are closed for this post.