2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കുട്ടിയുടെ ആവശ്യങ്ങള്‍ക്കായി 80 ലക്ഷം യുവതിക്കു കൈമാറി; ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ ഒത്തുതീര്‍പ്പ്

കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരായ ബിഹാര്‍ സ്വദേശിയുടെ പീഡനപരാതി ഒത്തുതീര്‍പ്പായി. ബോംബെ ഹൈക്കോടതിയില്‍ വച്ചാണ് കേസ് ഒത്തുതീര്‍പ്പായത്. ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.

കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി.പണം നല്‍കിയ വിവരങ്ങള്‍ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീര്‍പ്പുകരാര്‍ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലിസില്‍ പരാതി നല്‍കിയത്. ഈ ബന്ധത്തില്‍ എട്ടു വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും പരാതിയുയര്‍ന്നിരുന്നു.കുട്ടിയുടെ ചെലവുകള്‍ക്കായി ബിനീഷ് പണം നല്‍കണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. പക്ഷേ ഇത് കള്ളക്കേസാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹരജി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഡി.എന്‍.എ പരിശോധയ്ക്ക് നിര്‍ദേശിച്ചു.

എന്നാല്‍ കൊവിഡ് മഹാമാരിയും ലോക്ഡൗണുമായി കേസ് നീണ്ടുപോയി. അതിനിടെയാണ് ഡി.എന്‍.എ പരിശോധന ഫലം പുറത്ത് വിടണമെന്നാവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയിലെത്തിയത്. തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പായത്. കുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് ഒത്തുതീര്‍പ്പ് കരാറില്‍ പറയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.