2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പൗരത്വ പ്രക്ഷോഭം: പൊലിസ് കേസുകള്‍ പിന്‍വലിക്കുമെന്നതില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ല; അപേക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്തുനടന്ന പ്രതിഷേധങ്ങളിലെ പൊലിസ് കേസുകള്‍ പിന്‍വലിക്കുമെന്നു പ്രഖ്യാപിച്ചതില്‍ പിന്നോട്ടുപോയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും അതനുസരിച്ച് ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കേസുകള്‍ സ്വമേധയാ അവസാനിക്കില്ല. പ്രതി ചേര്‍ക്കപ്പെട്ടവര്‍ കേസിന്റെ വിശദവിവരങ്ങള്‍ സഹിതം കേസ് പിന്‍വലിക്കാന്‍ അപേക്ഷ സര്‍ക്കാരിനു സമര്‍പ്പിക്കണം. ഓരോ അപേക്ഷയും ആഭ്യന്തര, നിയമ വകുപ്പുകള്‍ പരിശോധിച്ച് തീരുമാനമെടുക്കും. കോടതി മുമ്പാകെ സി.ആര്‍.പി.സി 321 പ്രകാരം അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാക്കും. തുടര്‍ന്ന് കേസുകള്‍ ഇല്ലാതാകും. ഇതാണ് സാധാരണ രീതി.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലുണ്ടായ സമരങ്ങളിലും ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളിലും സമാന നിലപാട് തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇപ്രകാരം സമര്‍പ്പിച്ച അപേക്ഷ ബന്ധപ്പെട്ട കോടതി പരിശോധിച്ച് അനുമതി നല്‍കിയാല്‍ മാത്രമേ കേസ് പിന്‍വലിക്കാന്‍ കഴിയൂ.
വ്യക്തികള്‍ കേസുകള്‍ പിന്‍വലിക്കാന്‍ വ്യക്തിപരമായി അപേക്ഷ നല്‍കണം. ഇത്തരം അപേക്ഷകളില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ പരിശോധന നടക്കുകയും ഗുരുതരമല്ലാത്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ നടപടിയെടുക്കുകയും ചെയ്യും. ഉത്തരവ് ഇറങ്ങിയതിനുശേഷം ഇതുവരെ കേസ് പിന്‍വലിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച കേസുകളിലെല്ലാം ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.