തിരുവനന്തപുരം ;സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാരിന് 3,400 കോടിയുടെ അധിക ബാധ്യത സൃഷ്ടിച്ച് കൂട്ട വിരമിക്കല്‍. ഇന്നലെ 11,000ത്തോളം പേര്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു പടിയിറങ്ങി. വിരമിക്കല്‍ ആനൂകൂല്യം ഈ മാസം തന്നെ വിതരണം ചെയ്യേണ്ടതിനാല്‍ സര്‍ക്കാര്‍ കടമെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണില്‍ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ യഥാര്‍ഥ ജനന തീയതി മറച്ച് എളുപ്പത്തിനായി മേയ് മാസത്തിലെ ഏതെങ്കിലും തീയതി എഴുതി ചേര്‍ത്തതാണ് കൂട്ട വിരമിക്കലിന് കളമൊരുങ്ങാന്‍ കാരണം. പല സര്‍ക്കാര്‍ ഓഫിസുകളിലും ഉയര്‍ന്ന തസ്തികകളിലാണ് പലരും വിരമിച്ചത്. വകുപ്പ് മേധാവിയുടെ അറിവോടെ ഒരു മാസം കൂട്ട അവധി എടുത്ത് വിരമിക്കുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കാന്‍ അവസരം ഒരുക്കിയതാണ് കാരണം. ഇതോടെ കോടികളുടെ പെന്‍ഷന്‍ ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.
ഇന്നലെ വിരമിച്ചവരില്‍ പല പ്രമുഖരുമുണ്ട്. വനം മേധാവി പി.കെ കേശവന്‍, ആരോഗ്യ ഡയരക്ടര്‍ ഡോ. വി.ആര്‍ രാജു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. എ. റംലാ ബീഗം, മെഡിക്കല്‍ വിദ്യാഭ്യാസ സ്‌പെഷല്‍ ഓഫിസര്‍ ഡോ. എന്‍. റോയി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറാ വര്‍ഗീസ്, കണ്‍ട്രോളര്‍ ഓഫ് റേഷനിങ് ഓഫിസര്‍ എസ്.കെ ശ്രീലത, നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിങ്ങനെയാണ് പട്ടിക.
പി.എസ്.സി ആസ്ഥാനത്ത് നിന്ന് 26 പേര്‍ വിരമിച്ചു. സെക്രട്ടേറിയറ്റില്‍ നിന്ന് വിരമിച്ച 112 പേരില്‍ 81ഉം പൊതുഭരണ വകുപ്പില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 9,278 പേരാണ് വിരമിച്ചത്.
കെ.എസ്.ഇ.ബിയില്‍ നിന്ന് 871 പേര്‍
ഡയരക്ടര്‍ തലം മുതല്‍ ഏറ്റവും താഴെ തലം വരെ 871 പേരാണ് ഇന്നലെ കെ.എസ്.ഇ.ബിയില്‍ നിന്ന് പടിയിറങ്ങിയത്. കൂട്ട വിരമിക്കല്‍ കെ.എസ്.ഇ.ബിയുടെ പെന്‍ഷന്‍ ബാധ്യത ഗണ്യമായി ഉയര്‍ത്തും. സ്ഥിരം ജീവനക്കാര്‍ ഏതാണ്ട് 26,000 ഉള്ളപ്പോള്‍ പെന്‍ഷന്‍കാരുടെ എണ്ണം 30,000 ആണ്. കെ.എസ്.ഇ.ബി 2014ലാണ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് പ്രത്യേക ട്രസ്റ്റും രൂപീകരിച്ചു. 16,000 കോടിയുള്ള നിലവിലെ പെന്‍ഷന്‍ ബാധ്യത 30 വര്‍ഷത്തിനുള്ളില്‍ 34,000 കോടിയാകും.
പെന്‍ഷന്‍ കുതിച്ചുയരും
പെന്‍ഷന്‍ നല്‍കേണ്ട തുക വര്‍ഷം തോറും വര്‍ധിച്ചുവരികയാണ്. 201516ല്‍ 13,065 കോടിയായിരുന്നു പെന്‍ഷന്‍ നല്‍കാന്‍ വേണ്ടി മാത്രം നീക്കിവച്ചത്. 201718ല്‍ അത് 19,939 കോടിയായി. 202021 ആയപ്പോഴേയ്ക്കും 25,000 കോടിയായി. 30 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വിസ് ഉള്ളവര്‍ക്ക് അവസാന ശമ്പളത്തിന്റെ പകുതിയാണ് പെന്‍ഷന്‍. ശമ്പളം വാങ്ങുന്നവരേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവരാണുള്ളത്. ഇതില്‍ത്തന്നെ 80 ശതമാനം 20 വര്‍ഷമായി പെന്‍ഷന്‍ വാങ്ങുന്നവരാണ്.
Comments are closed for this post.