2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്രതിസന്ധി തീർക്കാൻ സർക്കാർ ഇടപെടണം; അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ക്വാറി, ക്രഷര്‍ ഉടമകള്‍

കൊച്ചി: കേരളത്തിലെ ക്വാറി, ക്രഷര്‍ മേഖലയിലെ പ്രതിസന്ധി തീർക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ചെറുകിട ക്വാറി ആന്‍ഡ് ക്രഷര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം കെ ബാബു. ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജനുവരി 31 ന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എസ് എസ് ക്യു എ ജനറൽ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

മൂവായിരത്തിലേറെ ക്വാറികള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ എഴുന്നൂറോളം ക്വാറികള്‍ മാത്രമാണുള്ളത്. ഇവയില്‍ ബഹുഭൂരിപക്ഷവും അടഞ്ഞു കിടക്കുകയാണ്. ക്വാറി ഉടമകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് കേരളവും എത്തിയെന്നും എം കെ ബാബു പറഞ്ഞു. പ്രതിവര്‍ഷം 1500 കോടിയിലേറെ രൂപ സര്‍ക്കാരിന് വരുമാനം നല്‍കുന്ന ക്വാറി വ്യവസായികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വ്യവസായത്തിന് അനുകൂലമായ നിലപാടെടുക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ അതെല്ലാം അട്ടിമറിക്കപ്പെടുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ബാങ്ക് ലോണ്‍ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ചെറുകിട ക്വാറി, ക്രഷര്‍ വ്യവസായികള്‍. സംസ്ഥാനത്ത് 40 ലക്ഷത്തോളം ആളുകളാണ് പ്രത്യക്ഷമായി ക്വാറി മേഖലയെ ആശ്രയിച്ച് കഴിയുന്നത്.

ക്വാറികളും ക്രഷറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും 31 ന് കൊച്ചിയില്‍ ചേരുന്ന സംസ്ഥാന സമ്മേളനം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.