കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ സംരക്ഷിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം തള്ളി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡി.വൈ.എസ്.പി പി.സുകുമാരന്‍. ഹരീന്ദ്രന്റെ ആരോപണം പച്ചക്കള്ളമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടില്ല. കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പി.സുകുമാരന്‍ പറഞ്ഞു.
അന്വേഷണസംഘത്തിന്റെ പൂര്‍ണ ചൂമതല തനിക്കായിരുന്നു. ഹരീന്ദ്രനോട് ഒരു ഘട്ടത്തിലും നിയമോപദേശം തേടിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായി അന്നത്തെ എസ്.പി തന്നോട് പറഞ്ഞിട്ടില്ലെന്നും സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് അഭിഭാഷകനെ കാണേണ്ട കാര്യം ഇല്ല. യു.എ.പി.എ കേസുകളില്‍ മാത്രമാണ് സര്‍ക്കാര്‍ അഭിഭാഷകന്റെ പോലും അഭിപ്രായം തേടേണ്ടത്. എന്നിരിക്കെ താനെന്തിനാണ് അന്ന് ഒരു സ്ഥാനവും ഇല്ലാതിരുന്ന ഹരീന്ദ്രനെ കാണുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയും നിയമോപദേശം തേടിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണ് കേസിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അഡ്വ. ടി.പി.ഹരീന്ദ്രന്റെ പ്രതികരണം. ക്രിമിനല്‍ അഭിഭാഷകനെന്ന നിലയിലാണ് പൊലീസ് നിയമോപദേശം തേടിയത്. പി.ജയരാജനെതിരെ കൊലക്കുറ്റം ഒഴിവാക്കാന്‍ ഇടപെട്ടെന്നായിരുന്നു ആരോപണം.കുഞ്ഞാലിക്കുട്ടി നടപടി സ്വീകരിച്ചാല്‍ നിയമപരമായി തന്നെ നേരിടുമെന്നും ഹരീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.