2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കടം പറഞ്ഞ് സര്‍ക്കാര്‍; കര്‍ഷകന്‍ കണ്ണീര്‍പ്പാടത്ത്

സുരേഷ് മമ്പള്ളി

കടം പറഞ്ഞ് സര്‍ക്കാര്‍; കര്‍ഷകന്‍ കണ്ണീര്‍പ്പാടത്ത്

കണ്ണൂര്‍: സപ്ലൈകോ വഴി കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും നല്‍കാത്തതിനു പിന്നാലെ നാളികേര, റബര്‍, ഇഞ്ചി കര്‍ഷകരോടും കടംപറഞ്ഞ് സര്‍ക്കാര്‍. നെല്ല് സംഭരിച്ച വകയില്‍ 1,100 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് പണം വൈകാന്‍ കാരണമെന്നും ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പയെടുത്ത് ഉടന്‍ കടം വീട്ടുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഉടനെയൊന്നും കിട്ടുമെന്ന പ്രതീക്ഷ നെല്‍ക്കര്‍ഷകര്‍ക്കില്ല.
നാളികേര കര്‍ഷകര്‍ക്കും സമാന അവസ്ഥയാണ്. കിലോയ്ക്ക് 34 രൂപ നിരക്കില്‍ സംഭരിച്ച പച്ചത്തേങ്ങയ്ക്ക് മൂന്നു മാസത്തോളമായി പണം കിട്ടിയിട്ട്. റബര്‍, ഇഞ്ചി കര്‍ഷകരും ദുരിതത്തിലാണ്. കഴിഞ്ഞ ഓണത്തിന് സംഭരിച്ച ഇഞ്ചിയുടെ വില ഇക്കൊല്ലത്തെ ഓണമടുത്തിട്ടും കൊടുക്കാതെ ഇഞ്ചിക്കര്‍ഷകരെ വട്ടംകറക്കുകയാണ്. റബര്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഇന്‍സെന്റീവ് നിലച്ചിട്ട് മാസങ്ങളായി.

തെങ്ങ് ചതിച്ചില്ല; ചതിച്ചത് സര്‍ക്കാര്‍
പച്ചത്തേങ്ങ സംഭരിച്ച വകയില്‍ ഏപ്രില്‍ വരെയുള്ള പണം കിട്ടിയെങ്കിലും മെയ്, ജൂണ്‍ മാസങ്ങളിലെ പ്രതിഫലം ജൂലൈ അവസാനമായിട്ടും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. കനത്ത കൂലിയും രോഗബാധയും കാരണം തെങ്ങുകൃഷി ബാധ്യതയാകുന്ന സാഹചര്യത്തിലാണ് സംഭരിച്ച തേങ്ങയുടെ വില നല്‍കാതെ സര്‍ക്കാരും നാളികേരക്കര്‍ഷകരെ വഞ്ചിക്കുന്നത്. തെങ്ങിന് തടംതുറന്ന് വളമിടേണ്ട സമയമാണിത്.
കൈയില്‍ കാശില്ലാതെ എങ്ങനെ കൃഷിപ്പണി ചെയ്യുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. തേങ്ങ സംഭരിക്കുന്ന സൊസൈറ്റികളില്‍നിന്ന് ജില്ലാ കൃഷി ഓഫിസിലേക്കാണ് ബില്ലയക്കുന്നത്. അവിടെ നിന്ന് കേരഫെഡിന്റെ തിരുവനന്തപുരം ഓഫിസിലേക്കും. ബില്‍ പരിശോധിച്ച് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നല്‍കേണ്ടത് കേരഫെഡ് ആണ്. എന്നാല്‍, ധനവകുപ്പ് പണം അനുവദിക്കുന്നില്ലെന്നും പറഞ്ഞ് കൈമലര്‍ത്തുകയാണ് കേരഫെഡ്. 40 രൂപയെങ്കിലും താങ്ങുവില വേണമെന്നത് കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ്.

റബര്‍ സബ്‌സിഡി നിലച്ചിട്ട് ആറുമാസം
റബര്‍ കര്‍ഷകരുടെ ഇന്‍സെന്റീവ് നിലച്ചിട്ട് ആറുമാസമായി. ജനുവരി മുതലുള്ള ഇന്‍സെന്റീവ് ആണ് മുടങ്ങിയത്. ഡിസംബര്‍ വരെയുള്ള തുക മാത്രമാണ് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയത്. 170 രൂപയാണ് റബറിന്റെ വിലസ്ഥിരതാ ഫണ്ട്. പൊതുമാര്‍ക്കറ്റില്‍ റബര്‍ വില 150 രൂപയും. ബാക്കിയുള്ള തുകയാണ് ഇന്‍സെന്റീവായി കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തേണ്ടത്.

ഇഞ്ചിക്കര്‍ഷകരും വഞ്ചിതര്‍
ഹോര്‍ട്ടികോര്‍പ് വഴി കഴിഞ്ഞ ഓണത്തിന് ശേഖരിച്ച ഇഞ്ചിയുടെ തുകയും ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയാണ് വയനാട്ടിലെ കര്‍ഷകര്‍ക്ക് മാത്രം ലഭിക്കാനുള്ളത്. മറ്റു ജില്ലകളിലെ കര്‍ഷകരുടെയും അവസ്ഥയും ഇതുതന്നെ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.