2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നോണ്‍ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദ്ദിച്ചെന്ന് വ്യാജ പ്രചാരണം: ഒടുവില്‍ കേസെടുത്ത് പൊലിസ്, രണ്ട് പേര്‍ അറസ്റ്റില്‍, തുഷാരക്കും ഭര്‍ത്താവിനുമായി തെരച്ചില്‍ ഊര്‍ജ്ജിതം

കൊച്ചി: കൊച്ചിയില്‍ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദ്ദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടല്‍ ഉടമ തുഷാരക്കെതിരെ വീണ്ടും കേസെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് ഇത്തവണ പൊലിസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ തുഷാര നന്ദുവിന്റെ സംഘത്തിലെ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അബിന്‍ ബെന്‍സസ് ആന്റണി, വിഷ്ണു ശിവദാസ് എന്നിവരെയാണ് പൊലിസ് പിടികൂടിയത്. സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന തുഷാര നന്ദുവിനെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ പൊലിസ് തിരച്ചില്‍ ഉര്‍ജിതമാക്കി.

തന്റെ റസ്റ്റോറന്റില്‍ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികള്‍ തങ്ങളെ മര്‍ദിച്ചുവെന്നായിരുന്നു തുഷാരയുടെ വ്യാജ പ്രചാരണം. ഗുരുതരമായ മതവിദ്വേഷ പ്രചാരണം നടത്തിയിട്ടും ഈ വകുപ്പുകള്‍ ചേര്‍ത്ത് തുഷാരക്കെതിരെ കേസെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് കാട്ടി പൊലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യം ആക്രമണക്കേസില്‍ മാത്രമായിരുന്നു പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഒളിവില്‍ പോയ സംരംഭക തുഷാരയും സംഘവും കേരളം വിട്ടതായി പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്.

നേരത്തെ ഇന്‍ഫോപാര്‍ക്കിനടുത്ത് നിലംപതിഞ്ഞിമുകളില്‍ കട നടത്തുന്നതുമായി ബന്ധപ്പെട്ട് യുവാക്കളെ തുഷാരയും ഭര്‍ത്താവും സുഹൃത്തക്കളും ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് തന്നെ ഒരു സംഘം ആക്രമിച്ചുവെന്ന കള്ളക്കഥ തുഷാര നന്ദു കെട്ടിച്ചമച്ചതെന്ന് ഇന്‍ഫോപാര്‍ക്ക് പൊലിസ് കണ്ടെത്തി. മാധ്യമശ്രദ്ധ നേടാനായിരുന്നു തുഷാരയുടെ ഈ നീക്കമെന്നും പൊലിസ് പറഞ്ഞു.

തുഷാരയുടെ ഭര്‍ത്താവ് അജിത് ചേരാനല്ലൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പൊലിസ് പറഞ്ഞു.

അതേസമയം, നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ച ഹോട്ടലുടമക്കെതിരെ കേരളത്തില്‍ ആക്രമണം എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ വന്‍ പ്രചരണമാണ് നടക്കുന്നത്. ജിഹാദികളെ സംരക്ഷിക്കുന്ന ഭരണകൂടവും പൊലിസും, തന്നെ പോലുള്ള ഹിന്ദുക്കളെ തകര്‍ക്കുകയാണ്, ഓരോ ഹിന്ദുവും ഇത് തിരിച്ചറിയണം തുടങ്ങിയ വിദ്വേഷ പ്രസ്താവനകളുമായി തുഷാര നന്ദുവിന്റെ വിഡിയോ സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.