കൊച്ചി: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) പുറത്തിറക്കിയ വിഡിയോ സോഷ്യല്‍ മീഡിയാ പേജുകളില്‍ നിന്ന് മുക്കി.
നാട്ടിലിന്ന് കേട്ടുകേള്‍വി പോലുമില്ലാത്ത സംസാര ശൈലി, ഇന്ന് മഷിയിട്ടാല്‍ പോലും കാണാത്ത വസ്ത്രം, രാജ്യദ്രോഹം, രാജ്യദ്രോഹിയായ മകനെ തള്ളിപ്പറയുന്ന ഉമ്മ..ഇങ്ങനെ പതിവു മേമ്പൊടികളെല്ലാം ചേര്‍ത്ത് പുറത്തിറക്കിയ വീഡിയോ വിവാദമായതോടെ മുക്കുകയായിരുന്നു.
വംശീയമായ മുന്‍വിധിയോടെ പു.ക.സ എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വിവാദമായിരുന്നു. വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ട്രോളുകളും നിറഞ്ഞു. ഇതോടെ വീഡിയോ മുക്കിയ പു.ക.സ മുറിച്ചു മാറ്റി മിനുക്കിയ വീഡിയോ പകരമിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം വിരുദ്ധത ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസ്സിലായതിനാലാണ് വീഡിയോ മുക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പരിഹസിക്കുന്നത്.
ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താവായ ഒരു മുസ്‌ലിം സ്ത്രീയാണ് വിഡിയോയിലെ പ്രധാന കഥാപാത്രം. തന്നോട് പിണങ്ങിപ്പിരിഞ്ഞു കഴിയുന്ന മകന്റെ കുടുംബത്തിന് ഈ ക്ഷേമ പെന്‍ഷനില്‍ നിന്ന് തുക നല്‍കി സഹായിക്കാന്‍ പോകുകയാണ് അവര്‍. ഇതിനിടെ ഒരു വിദൂഷക കഥാപാത്രവുമായി അവര്‍ നടത്തുന്ന സംസാരമാണ് വിഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്.
ആ ഉമ്മയുടെ ഒരു മകന്‍ നേരത്തെ രാജ്യദ്രോഹിയാണ്. അവന്റെ മൃതദേഹം പോലും കാണേണ്ടെന്ന് പറഞ്ഞ രണ്ടാമത്തെ മകനും അവരോട് വഴക്കിട്ട് വേറെ കഴിയുകയാണ്. മുസ്‌ലിം ഉമ്മയുടെ മകനാകുമ്പോള്‍ മിനിമം രാജ്യദ്രോഹിയെങ്കിലും ആകണമെന്ന വാശി പു.ക.സക്കും കയ്യൊഴിയാനാകുന്നില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നത്.
കേരളത്തില്‍ ഒരിടത്തും നിലനില്‍ക്കുന്നില്ലാത്ത അപരിഷ്‌കൃത ഭാഷയാണ് ഉമ്മ സംസാരിക്കുന്നത്. ഭാഷയിലും വേഷത്തിലുമെല്ലാം പണ്ടെന്നോ നിര്‍മിച്ച മുസ്‌ലിം വാര്‍പ്പു മാതൃകകള്‍ അതേപോലെ പിന്തുടരുകയാണ് വിഡിയോയില്‍. വിഡിയോയുടെ പിന്നണിയിലുള്ളവര്‍ ‘പുരോഗമനം’ എന്ന് സ്വന്തം പേരില്‍ നിന്ന് ഉടനെ ഒഴിവാക്കണമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. പുരോഗമന കലാ സാഹിത്യസംഘമല്ല പുക കണ്ട സഖാക്കളാണിവരെന്ന് ചിലര്‍ പരിഹസിക്കുന്നു. തസ്‌നി ഖാനും കലാഭവന്‍ റഹ്മാനുമാണ് ചിത്രത്തില്‍ വേഷമിട്ടിട്ടുള്ളത്.
പിണറായി സര്‍ക്കാറിന്റെ കരുതലില്‍ ദാരിദ്ര്യം മറികടക്കുന്ന ഒരു പൂജാരിയുടെ വിഡിയോയും ഇതോടൊപ്പം പു.ക.സ പുറത്തിറക്കിയിട്ടുണ്ട്. ആ വിഡിയോയും സമാനമായ വിമര്‍ശനം നേരിടുന്നുണ്ട്.
Comments are closed for this post.