തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ വിഷയം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കവുമായി സി.പി.എം. എം.എല്‍.എക്കെതിരെയുയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം തേടിയതിനപ്പുറം നടപടിയെടുക്കാന്‍ കോണ്‍ഗ്രസും തയ്യാറായിട്ടില്ല. യു.ഡി.എഫ് ഘടകകക്ഷിയായ ആര്‍.എം.പിയുടെ നേതാവ് കെ.കെ രമയടക്കം കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. എം.എല്‍.എക്കെതിരായി നടപടിയെടുക്കുന്നതിനെ ചൊല്ലി മുന്നണിയില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുമുണ്ട്.
എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി കോണ്‍ഗ്രസ് ധാര്‍മികത നോക്കി തീരുമാനിക്കട്ടെയെന്നാണ് സി.പി.എമ്മിന്റെ പരസ്യ നിലപാട്. എം.എല്‍.എക്കെതിരായ ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. കോണ്‍ഗ്രസിനുമേല്‍ സിപിഎം പരോക്ഷമായി രാജി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ രാജി ആവശ്യം പരസ്യമായി ഉന്നയിക്കുന്നില്ല. ഇതിനെ ചൊല്ലി മുന്നണിയില്‍ ഉണ്ടാകുന്ന അഭിപ്രായ ഭിന്നതകളെ പുറമെ നിന്നും വീക്ഷിച്ച് നടപടിയൊന്നും ഉണ്ടാകാത്ത പക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി അവതരിപ്പിക്കാനാണ് സി.പി.എമ്മിന്റെ നീക്കം.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എല്‍ദോസിന്റെ രാജി അനിവാര്യമാകുന്ന സാഹചര്യമാണ്. ഒരു ജനപ്രതിനിധിയില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഭവമാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അതിനെതിരെ നടപടിയുണ്ടാകുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പ്രതികരിച്ചിരുന്നു. പരാതി ശരിയാണോ തെറ്റാണോ എന്ന് തെളിയിക്കേണ്ട ചുമതല പൊലീസിന്റെതാണ്. ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനരംഗത്തു നിന്നും മാറ്റി നിര്‍ത്തുമെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.