തൃശ്ശൂര്‍: കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ പോട്ടൂരില്‍ അമിത വേഗത്തില്‍ വന്ന മഹീന്ദ്ര ഥാര്‍ ടാക്‌സി കാറില്‍ ഇടിക്കുകയായിരുന്നു. ടാക്‌സി യാത്രക്കാരന്‍ പാടൂക്കാട് സ്വദേശി രവിശങ്കര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. ഥാര്‍ ഓടിച്ചിരുന്ന പാടൂക്കാട് സ്വദേശി ഷെറിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.
ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മഹീന്ദ്ര ഥാറും ബി.എം.ഡബ്ല്യൂ കാറും അമിത വേഗത്തില്‍ മത്സര ഓട്ടം നടത്തിയാണ് അപകടം ഉണ്ടാക്കിയത്. ടാക്‌സി കാറില്‍ യാത്ര ചെയ്തിരുന്ന എല്ലാവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. 67 വയസുള്ള രവിശങ്കറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. രവിശങ്കറും കുടുംബവും ഗുരുവായൂര്‍ പോയിട്ട് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടം വരുത്തി വെച്ച ബി.എം.ഡബ്ല്യൂ കാര്‍ നിര്‍ത്താതെ പോയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഥാറില്‍ സഞ്ചരിച്ചിരുന്ന മറ്റു രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഥാര്‍ ഓടിച്ചിരുന്ന ഷെറിന്‍ മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments are closed for this post.