2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദിന്റേത്, മൃതദേഹം ദീപക്കിന്റേതാണെന്ന് തെറ്റിധരിച്ച് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയും സംസ്‌കരിക്കുകയും ചെയ്തിരുന്നു

കോഴിക്കോട്: കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരിച്ചു. ഡി.എന്‍.എ പരിശോധന ഫലത്തിലൂടെയാണ് ഇത് സ്ഥിരീകരിച്ചതെന്ന് കോഴിക്കോട് റൂറല്‍ എസ്.പി കറുപ്പ്‌സ്വാമി പറഞ്ഞു.

ജൂലൈ ആറിന് കോഴിക്കോട് പന്തീരിക്കരയില്‍ നിന്നുമാണ് ഇര്‍ഷാദിനെ കാണാതായത്. ജൂലൈ 17 നാണ് കൊയിലാണ്ടി കടപ്പുറത്തുനിന്നും മൃതദേഹം ലഭിച്ചത്. എന്നാല്‍ ഈ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതാണ് തെറ്റിധരിച്ച് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയും മതാചാരപ്രകാരം സംസ്‌കരിക്കുകയും ചെയ്തിരുന്നു. ദീപക്കിന്റെ ചില സുഹൃത്തുക്കളുടെ സംശയത്തെത്തുടര്‍ന്നാണ് മൃതദേഹത്തില്‍ നിന്ന് ഡി.എന്‍.എ ശേഖരിച്ചത്.

പത്ത് ദിവസം മുന്‍പാണ് ഇര്‍ഷാദിനെ കാണാതായത് സംബന്ധിച്ച് കുടുംബം പോലീസിന് പരാതി നല്‍കുന്നത്. സ്വര്‍ണ്ണക്കടത്തുസംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയതെന്നും കുടുംബം ആരോപിച്ചിരുന്നു. പരാതിയെതുടര്‍ന്ന് ഇര്‍ഷാദിനെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക അന്വേഷണം നടത്തിയിരുന്നു.

കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധനയില്‍ ദീപക്കിന്റെ മാതാപിതാക്കളുടേതുമായി സാമ്യമില്ലെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ ശേഖരിക്കുകയും സാമ്യത കണ്ടെത്തുകയും ചെയ്തതിലൂടെയാണ് മൃതദേഹം ഇര്‍ഷാദിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചത്.

സ്വര്‍ണക്കടത്തു സംഘം ക്വട്ടേഷന്‍ നല്‍കി ഇര്‍ഷാദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലിസ് നിഗമനം. ഇര്‍ഷാദിന്റെ മൃതദേഹമാണ് ദീപക്കിന്റേതെന്ന് വിശ്വസിച്ച് ദീപക്കിന്റെ ബന്ധുക്കള്‍ ഏറ്റെടുത്ത് സംസ്‌ക്കരിച്ചത്. ദീപക്കിന്റെ മാതാവും ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷമാണ് വിട്ടുകൊടുത്തതെന്നും ഇതില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും എസ്.പി പറഞ്ഞു. ഇര്‍ഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന സ്വര്‍ണക്കടത്തു സംഘത്തിലേക്കും അന്വേഷണം നീളുന്നതായും മേപ്പയൂര്‍ സ്വദേശി ദീപക്കിനായുള്ള തിരച്ചിലും നടക്കുന്നതായും എസ്.പി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.