ലക്‌നൗ; ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി. ഭര്‍ത്താവിനും കുട്ടികളോടുമൊത്ത് കുടുംബമായി ജീവിക്കുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഇതേ പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്നാരോപിച്ച് ഏഴ് വര്‍ഷമായി വിഷണു എന്ന യുവാവ് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. തന്റെ മകന്‍ തെറ്റ്കാരനല്ല എന്ന ഉറച്ച വിശ്വാസത്തില്‍ വിഷണുവിന്റെ അമ്മ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാണാതായ യുവതിയെ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം.
2015 ഫെബ്രുവരിയിലാണ്് പത്താം ക്ലാസുകാരിയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുന്നത്.പെണ്‍കുട്ടിക്കായി തിരച്ചിലുകള്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ആഗ്രയില്‍ നിന്നും കണ്ടെത്തിയ ഒരു മൃതദേഹം മകളുടേതാണ് എന്ന് കാണാതായ പെണ്‍കുട്ടിയുടെ പിതാവ് സ്ഥിരീകരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ സംശയിച്ചിരുന്നതിനാല്‍ മൃതദേഹം കണ്ടെത്തിയതോടെ വിഷ്ണുവിനെതിരെ തട്ടിക്കൊണ്ടുപോകലും കൊലപാതകക്കുറ്റവും ചുമത്തി ജയിലാക്കുകയായിരുന്നു. മകന്‍ നിരപരാധിയാണെന്ന്ഉറച്ച് വിശ്വസിച്ച് വിഷ്ണുവിന്റെ അമ്മ വര്‍ഷങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന വിവരം അവര്‍ക്ക് കിട്ടുന്നത്. വിവരം പൊലിസില്‍ അറിയിച്ചതോടെ യുവതിയെ അലിഗഢ് കോടതിയില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തി. കാണാതായി എന്ന പരാതിയിലുള്ള യുവതിയെ തന്നെയാണ് കണ്ടെത്തിയത് എന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധനയടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണ്. തന്റെ മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും അതിനാലാണ് അന്വേഷണത്തിന് താന്‍ തന്നെ മുന്‍കൈ എടുത്തതെന്നും പ്രതിയുടെ അമ്മ പ്രതികരിച്ചു.
Comments are closed for this post.